കുട്ടികളെ അപൂര്‍വ്വമായി ബാധിക്കുന്ന പക്ഷാഘാതത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കഥയാണ് പാലക്കാട്
സ്വദേശി അഭിനയയ്ക്ക് പറയാനുള്ളത്. അഭിനയയുടെ സഹോദരനും ഇതേ രോഗം ബാധിച്ചിരിക്കുകയാണ്.
ഒരു കുടുംബത്തിലെ തന്നെ അംഗങ്ങള്‍ക്ക് വളരെ അപൂര്‍വമായി ബാധിക്കുന്ന ഈ രോഗത്തിന് ചികിത്സ നല്‍കിയത്
കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ്. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം
സ്വദേശി സുകുമാരന്റെയും ഉഷാ കുമാരിയുടെയും മകളാണ് അഭിനയ . കൂലിപ്പണിയിലൂടെ സുകുമാരന്‍ ലഭിക്കുന്ന
തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം . ഒരു പനിയെ തുടര്‍ന്നാണ് അഭിനയയുടെ ശരീരത്തിന്റെ
ഒരു വശം തളര്‍ന്നത് . അഭിനയയുടെ ജ്യേഷ്ഠന് അഭിജിത്തിന് 9 മാസം പ്രായമുള്ളപ്പോള്‍ ഇത്തരത്തിലുള്ള അസുഖത്തെ
തുടര്‍ന്ന് ശരീരം തളര്‍ന്നിരുന്നു. അതിനാല്‍ തന്നെ കൊച്ചിയിലെ അമൃത ആശുപത്രയില്‍ അഭിനയയെ കൊണ്ടുവന്നപ്പോള്‍
തന്നെ അഭിജിത്തിനെയും കൂടെ കൊണ്ടു വരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
പക്ഷാഘാതം കുട്ടികളില്‍ വളരെ അപൂര്‍വ്വമായിട്ടാണ് കാണപ്പെടുന്നത്. പുകപടലങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന
ജപ്പാനീസ് വാക്കായ മൊയാ മൊയാ എന്ന പേരിലാണ് രോഗം അറിയപ്പെടുന്നത്. തലച്ചോറിലെ രക്തക്കുഴലുകള്‍
സങ്കോചിക്കുകയും പകരം പുതിയ ചെറിയ ചെറിയ രക്തക്കുഴലുകള്‍ രൂപം പ്രാപിക്കുകയും ഇത് പുകപടലം പോലെ
ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മൊയാ മൊയാ.
അഭിനയയ്ക്ക് ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കും. അഭിജിത്തും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു
വരുമെന്ന പ്രതീക്ഷയിലാണ് സുകുമാരനും ഉഷാ കുമാരിയും . ഇരുവരുടെയും ഇളയമകന് അഭിനവിന് നിലവില്‍
അസുഖമൊന്നും ഇല്ലെങ്കിലും വര്‍ഷം തോറും എം ആര് ഐ സ്കാനിന് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം രൂപ ചെലവു വന്ന ശസ്ത്രക്രിയയും മറ്റും അമൃത ആശുപത്രി
സൌജന്യമായാണ് ചെയ്തുകൊടുത്തത്. |