അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ കരള്‍ മാറ്റി വച്ച രാജീവ് വര്‍മ്മ പുതു ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ കരള്‍ ,കോഴിക്കോട് നിന്ന് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചാണ്
രാജീവിന് ശസ്ത്രക്രിയ നടത്തിയത്.
ഇതിനോടകം 142 കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ട് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍.
മറ്റൊരു സ്ഥലത്തുനിന്ന് മരിച്ച ഒരാളുടെ ശസ്ത്രക്രിയ നടത്തി കരള്‍ പുറത്തെടുത്ത് അത് ആശുപത്രിയില്‍ എത്തിച്ച് വേറൊരാള്‍ക്ക്
മാറ്റി വയ്ക്കുന്നത് ഇതാദ്യമായാണ്. ബൈക്ക് അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മിംമ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട
21 കാരനായ അരുണ്‍ ജോര്‍ജിന്‍റെ മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍, മാതാപിതാക്കള്‍ മകന്‍റെ അവയവദാനത്തിന്
സമ്മതിച്ചതോടെ വിവരം ബന്ധപ്പെട്ട ആശുപത്രികളെ അറിയിച്ചു. രണ്ടുപേര്‍ക്ക് വൃക്കയും രണ്ടുപേര്‍ക്ക് കണ്ണും ദാനം ചെയ്തു.
അപ്പോഴാണ് കരള്‍ പ്രവര്‍ത്തനരഹിതമായ രാജീവ് വര്‍മ്മയ്ക്ക് ചേരുന്ന രക്തഗ്രൂപ്പാണ് അരുണിന്‍റേതെന്ന് തിരിച്ചറിഞ്ഞത് .
തുടര്‍ന്ന് മിംമ്സില്‍ നിന്ന് രാജീവ് വര്‍മ്മയെ അമൃതാ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.
അതിനുമുന്‍പ് അരുണിന്‍റെ കരള്‍ ശേഖരിക്കാനുള്ള ദൌത്യവുമായി പ്രത്യേക പരിശീലനം സിദ്ധിച്ച മെഡിക്കല്‍ സംഘം
അമൃതയില്‍ നിന്നും മിംമ്സ് ആശുപത്രയിലെത്തി. സംഘം അരുണിന്‍റെ ശസ്ത്രക്രിയ നടത്തി അമൃത ആശുപത്രിയിലേക്ക്
തിരിച്ചു. ആറുമണിക്കൂറിനുള്ളില്‍ അമൃതയില്‍ എത്തുക എന്നതായിരുന്നു സംഘത്തിന്‍റെ പ്രധാന വെല്ലുവിളി.
നാലരയോട് കൂടി കരള്‍ അമൃതയിലെത്തിച്ച് ഇംപ്ലാന്‍റേഷന്‍ നടപടികള്‍ ആരംഭിച്ചു. ഡോക്ടര്‍ സതീന്ദ്രന്‍റെ നേതൃത്വത്തിലുള്ള
ടീമാണ് ശസ്ത്രക്രിയ നടത്തിയത്. വളരെ വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം രാജീവ് വര്‍മ്മ ഇപ്പോള്‍ സുഖം പ്രാപിച്ചു
വരുന്നു. വെന്‍റിലേറ്ററില്‍ നിന്ന് ഐ സി യുവിലേക്ക് മാറ്റിയ രാജീവിന് ഇപ്പോള്‍ ഭക്ഷണം കഴിക്കാനാകുന്നുണ്ട്.
ഒരാഴ്ച്ക്കുള്ളില്‍ അദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അമൃത ആശുപത്രിയിലെ
കരള്‍ മാറ്റി വയ്ക്കല്‍ വിഭാഗം സര്‍ജ്ജന്‍ ഡോക്ടര്‍ സുധീന്ദ്രന്‍റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ സുധീര്‍ , മഹേഷ് ,
ദത്താറാം, പുനീത്ദര്‍ , കവിത ,ലക്ഷ്മി ,നഴ്സിംഗ് സ്റ്റാഫ് എന്നിവര്‍ ചേര്‍ന്നാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ എവിടെ നിന്നു വേണമെങ്കിലും കരള്‍ അമൃത ആശുപത്രിയില്‍ എത്തിച്ച്
ശസ്ത്രക്രിയ നടത്താനുള്ള വിദഗ്ദ്ധ റിട്രീവല്‍ മെഡിക്കല്‍ സംഘവും സംവിധാനവും ആശുപത്രിയിലുണ്ടെന്ന് ഡോക്ടര്‍ സുധീന്ദ്രന്‍ പറഞ്ഞു. |