പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ അസുഖം സംബന്ധിച്ച വാര്‍ത്ത ആരാധകരില്‍ ഏറെ ആശങ്കയുണ്ടാക്കിയ ഒന്നാണ്.
രോഗത്തെ തുടര്‍ന്ന് ഒന്നിലേറെ തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന ബച്ചന് ഇപ്പോള്‍ സുഖം പ്രാപിക്കുന്നു
എന്നാണ് റിപ്പോര്‍ട്ടുകള്‍ . ബിഗ് ബിയുടെ രോഗം ഡൈവേര്ട്ടികുലൈറ്റിസാണെന്നാണ് റിപ്പോര്‍ട്ട് . കുടലിനകത്തെ പാളിയില്‍
ഉണ്ടാകുന്ന വീക്കമാണ് ഡൈവേര്ട്ടിക്കുലൈറ്റിസ്. വന്‍കുടലിന്റെ അകത്തെ ആവരണത്തില്‍ സഞ്ചി പോലെ രൂപപ്പെടുന്ന
ഇതിനകത്ത് ഭക്ഷ്യ വിസര്‍ജ്ജ്യം തങ്ങി നിന്ന് അണുബാധ ഉണ്ടാകുമ്പോള്‍ രോഗം മാരകമാകുന്നു.
ഡൈവര്ട്ടികുലൈറ്റിസ് ഇന്ന് വളരെ വ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണ്. അമേരിക്കയില്‍ 60 വയസ്സു കഴിഞ്ഞ
പകുതിയിലേറെ പേര്‍ക്കും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പലപ്പോഴും നാരുകള്‍ ഇല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍
കഴിക്കുന്നതാണ് രോഗത്തിന് പ്രധാന കാരണമാകുന്നത്. മാത്രമല്ല ,സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാത്രം ജീവിതശൈലിയുടെ
ഭാഗമാകുന്നതും ഡൈവര്ട്ടിക്കുലൈറ്റിസിലേക്ക് നയിക്കുന്നു. പ്രത്യേകിച്ച് എടുത്തു പറയത്തക്ക ലക്ഷണമൊന്നും
കാണാറില്ലെങ്കിലും ഡൈവര്ട്ടികുലൈറ്റിസ് ഉള്ള രോഗികള്‍ക്ക് അടിവയറിന് എപ്പോഴും തൂക്കം അനുഭവപ്പെടാറുണ്ട്.
ഇത്തരക്കാരില്‍ ചിലപ്പോള്‍ മലത്തോടൊപ്പം രക്തവും കാണപ്പെടാറുണ്ട്. രോഗം മാരകമാകുന്നതോടെ
അടിവയറിന്റെ ഇടതു വശത്തായി വേദന, വായുകോപം, പനിയും വിറയലും , ഛര്‍ദ്ദിയും ഓക്കാനവും , വിശപ്പില്ലായ്മ തുടങ്ങിയ
ലക്ഷണങ്ങളും കണ്ടുവരുന്നു.
അണുബാധയുണ്ടായാല്‍ രക്തപരിശോധനയിലൂടെ അറിയാന്‍ സാധിക്കും. സി ടി സ്കാന്‍ , അള്‍ട്രാസൌണ്ട് സ്കാന്‍ ,
എക്സ്റേ എന്നിവയിലൂടെയും രോഗവിവരം ഉറപ്പാക്കാം. രോഗലക്ഷണങ്ങള്‍ അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.
പ്രാരംഭഘട്ടത്തില്‍ മരുന്ന് കഴിച്ചും വിശ്രമത്തിലൂടെയും ഭക്ഷണത്തില്‍ നാരിന്റെ അംശം കൂട്ടിയുമൊക്കെ രോഗത്തെ
പ്രതിരോധിക്കാം. എന്നാല്‍ അണുബാധയും പഴുപ്പും ഉണ്ടായാല്‍ ശസ്ത്രക്രിയ തന്നെ ചെയ്യേണ്ടിവരും. |