ലോകത്തിലെ നിര്‍ണ്ണായകമായ സാമ്പത്തിക ശക്തികളിലൊന്നായ ഇന്ത്യ ഭൌതിക പുരോഗതി കൈവരിക്കുമ്പോഴും
രാജ്യത്തെ ശൈശവ വിവാഹങ്ങളുടെ എണ്ണം കൂടി വരുന്നത് നമ്മുടെ സാംസ്കാരികമായ പിന്നോക്കാവസ്ഥയെയാണ്
എടുത്ത് കാണിക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായും
യൂണിസെഫ് പുറത്തുവിട്ട STATE OF THE WORLD"S CHILDRENS REPORT 2012 വഴി അറിയാന്‍ കഴിയുന്നു .
ഇന്ത്യയില്‍ 47 ശതമാനം പെണ്‍കുട്ടികളും പതിനെട്ട് വയസിനു മുന്‍പ് വിവാഹിതരാകുന്നു എന്നാണ് യൂണിസെഫിന്റെ റിപ്പോര്‍ട്ട്.
പെണ്‍കുട്ടികളില്‍ 22 ശതമാനം പേരും 18 വയസ്സാകുന്നതിന് മുന്‍പ് തന്നെ അമ്മമാരാകുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
പ്രായപൂര്‍ത്തിയാകാത്ത അമ്മമാര്‍ ജന്മം നല്കുന്ന കുട്ടികളില്‍ ഭൂരിപക്ഷം പേരും ഭാരക്കുറവുള്ളവരാണ്. ഇതുമൂലം ഒരു
വയസ്സാകുന്നതിന് മുമ്പ് മരണമടയുന്ന കുട്ടികളുടെ എണ്ണവും രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്.
ഗ്രാമപ്രദേശങ്ങളില്‍ ജനിക്കുന്ന 72 ശതമാനം കുട്ടികളിലും വിളര്‍ച്ചയും 46 ശതമാനം പേരില്‍ ഭാരക്കുറവും കണ്ടു വരുന്നു.
നഗരങ്ങളില്‍ ജീവിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകളില്‍ പകുതി പേര് മാത്രമാണ് കൃത്യമായി ആശുപത്രിയില്‍ പോകുന്നത് .
നഗരങ്ങളിലെ ജനസംഖ്യ കൂടിവരുന്നതിനാല്‍ കുട്ടികളുടെ അവകാശങ്ങള്‍ നഗരാസൂത്രണത്തില്‍ ഉള്‍പ്പെടുത്തണമെന്ന്
യൂണിസെഫ് ആവശ്യപ്പെട്ടു.
രാജ്യത്തെ യുവാക്കളില്‍ 35 ശതമാനം പേര്‍ക്കും സ്ത്രീകളില്‍ 33 ശതമാനം പേര്‍ക്കും മാത്രമാണ് എയ്ഡ്സിനെക്കുറിച്ച്
അവബോധമുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ 53 ശതമാനം സ്ത്രീകള്‍ ഗാര്‍ഹിക
പീഢനത്തിനിരയാകുന്നുവെന്നാണ് കണക്കുകള്‍ . |