കേട്ടു പരിചയം പോലുമില്ലാത്ത ഔഷധ ചെടികളെ നേരില്‍ കാണാനും സവിശേഷ ഭക്ഷണവിഭവങ്ങളുടെ രുചി അറിയാനും
അവസരം നല്കി വടകരയില്‍ ഹരിതാമൃതം എന്ന പ്രദര്‍ശനം തുടരുന്നു. മഹാത്മാ സേവാ ട്രസ്റ്റ് സംഘടിപ്പിച്ച പ്രദര്‍ശനം
ഇന്ന് സമാപിക്കും. വിളക്കിലെ തിരിയായി കത്തുന്ന ഇല, അങ്ങനെ ഒരു അത്ഭുതം നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. ഇതു
പോലുള്ള ഒരു പാടു കാര്യങ്ങള്‍ നേരിട്ടറിയാന്‍ ഹരിതാമൃതത്തിന്റെ വടകരയിലെ പ്രദര്‍ശനം സഹായിക്കുന്നു. ഏതാണ്ട്
20 ഓളം പ്രത്യേക ഔഷധ സസ്യങ്ങളുണ്ടെങ്കില്‍ എല്ലാ വിധ ചികിത്സയും നടക്കുമെന്ന് അപൂര്‍വ്വ ഔഷധ സസ്യങ്ങളുമായി
പ്രദര്‍ശനത്തിനെത്തിയ ഹംസ മടിക്കൈ പറയുന്നു. മുളയരി പായസം, നെല്ലിക്ക കൊണ്ടുള്ള ദാഹശമനി , പരമ്പരാഗത
വീട്ടുപകരണങ്ങള്‍ , അങ്ങനെ എങ്ങും കിട്ടാത്ത പലതും ഇവിടെ എത്തിച്ചിരിക്കുന്നു. ' ഭക്ഷണം തന്നെ ഔഷധം, മാലിന്യം,സമ്പത്ത് 'എന്നതാണ്
ഇത്തവണത്തെ പ്രദര്‍ശനത്തിന്റെ ആശയം . വിഷാംശം ഇല്ലാത്ത ഭക്ഷണവും ഔഷധവും എല്ലാവര്ക്കും
ലഭ്യമാക്കുന്ന സാഹചര്യമുണ്ടാക്കുന്ന കൂട്ടായ്മ , ഇതേക്കുറിച്ച് പുതുതലമുറയ്ക്ക് അവബോധമുണ്ടാക്കുക എന്നതാണ്
പ്രദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത് . വടകര ടൌണ്‍ഹാളിലാണ് ഹരിതാമൃതത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. പഴയകൃഷി
രീതികളുടെയും ചികിത്സാസൌകര്യങ്ങളുടെയും വീണ്ടെടുപ്പും ഹരിതാമൃതം ലക്ഷ്യം വയ്ക്കുന്നു. ഹരിതാമൃതത്തിന്റെ
ഭാഗമായി തെങ്ങുകയറ്റ യന്ത്രത്തില്‍ പരിശീലനവും സെമിനാറുകളും മെഡിക്കല്‍ ക്യാമ്പുകളുമൊക്കെ തുടരുന്നുണ്ട്. |