ക്രിസ്തുമസ് വേളയില്‍ അത്ഭുതസമ്മാനമായി അവരെത്തി, ഇമ്മാനുവലും ജീസസും. ബ്രസീല്‍കാരിയായ മരിയ ഡി നാസറിന്‍റെ
പ്രസവമെടുത്ത ഡോക്ടര്‍മാര്‍ ഒരു നിമിഷം ഞെട്ടിപ്പോയി! പൂര്‍ണ്ണാരോഗ്യമുള്ള ശരീരത്തില്‍ തീര്‍ത്തും സ്വതന്ത്രമായ
പ്രവര്‍ത്തനശേഷിയും ചിന്താശേഷിയുമുള്ള രണ്ടു തലകള്‍ . ഹൃദയം ,കരള്‍ , ശ്വാസകോശം , പെല്‍വിസ് ഇങ്ങനെ പ്രധാനപ്പെട്ട
ആന്തരാവയവങ്ങളെല്ലാം ഒരോന്നു വീതമേയുള്ളു. എന്നാല്‍ രണ്ടു തലച്ചോറും ശരീരത്തില്‍ ഒരു നട്ടെല്ലിന്‍റെ സ്ഥാനത്ത് രണ്ടു
നട്ടെല്ലും.
ബ്രസീലില്‍ പാരാ പ്രവിശ്യയിലെ ഗ്രാമവാസിയായ മരിയ ഗര്‍ഭകാലത്തുള്ള പരിശോധനകളൊന്നും നടത്തിയിരുന്നില്ല. പ്രസവത്തിന്
തൊട്ടു മുന്‍പ് നടത്തിയ പരിശോധനകളില്‍ മാത്രമാണ് കുട്ടിക്ക് അസ്വാഭാവികത ഉണ്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍
ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോഴേക്കും കുഞ്ഞിനെ താഴെ
വയ്ക്കാന്‍ കൂടി തയ്യാറായില്ല മരിയ. രണ്ടുവായിലൂടെയും കുഞ്ഞിന് മുലയൂട്ടുന്നുണ്ട്.
സയാമീസ് ഇരട്ടകളില്‍ തന്നെ വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്നതാണ് ഡൈസെഫാലിക് പാരാപാഗസ് ഇരട്ടകള്‍
എന്നറിയപ്പെടുന്ന ഇരട്ടകള്‍ . കിഴക്ക്-പടിഞ്ഞാറന്‍ ഏഷ്യയിലും ആഫ്രിക്കയിലും അത്യപൂര്‍വ്വമായി മാത്രമാണ് ഇത്തരം
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ബ്രസീലില്‍ ഇത് രണ്ടാം തവണയാണ് ഡൈസെഫാലിക് പാരാപാഗസ് ഇരട്ടയുടെ ജനനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ
വര്‍ഷം തന്നെ 27 കാരിയായ സ്വേലി ഇത്തരം കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ഒരു തലച്ചോറിലേയ്ക്കുള്ള ഓക്സിജന്‍റെ ലഭ്യത
കുറഞ്ഞതിനെതുടര്‍ന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന തലച്ചോറുണ്ടെങ്കിലും ഒറ്റ ശരീരവും
ആന്തരികാവയവങ്ങളും മാത്രമേ ഉള്ളൂ എന്നതിനാല്‍ ശസ്ത്രക്രിയയിലൂടെ ഇവരെ വേര്‍പെടുത്തുക സാധ്യമല്ല. പ്രവര്‍ത്തനശേഷി
കുറഞ്ഞ ഏതെങ്കിലും ഒരു തല ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നതു മാത്രമാണ് നിലവിലുള്ള ഏക സാധ്യത. അതും
ഏറെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ . എന്നാല്‍ രണ്ടു തലയും പൂര്‍ണ്ണാരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഏത് തല
നീക്കം ചെയ്യണം എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍ . എന്നാല്‍ മരിയ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല. തനിക്കു കിട്ടിയ
ക്രിസ്തുമസ് സമ്മാനവുമായി എത്രയും വേഗം വീട്ടിലെത്താനുള്ള തിരക്കിലാണ് അവര്‍
|