സംസ്ഥാനത്ത് പുകയില വിമുക്ത കേരളം പ്രചാരണ പരിപാടിക്ക് തുടക്കമായി. പുകയിലയ്ക്കും പുകയില ഉത്പന്നങ്ങള്‍ക്കും
എതിരെയുള്ള പരിപാടി ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍
സെന്‍ററിന്‍റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ രൂപം കൊടുത്ത "ടുബാക്കോ ഫ്രീ കേരള' എന്ന സംഘടനയാണ് പുകയില
മുക്ത കേരളത്തിനായി പ്രചാരണം നടത്തുന്നത്. സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗം സൃഷ്ടിക്കുന്ന ഭീകരതകള്‍
വര്‍ദ്ധിക്കുന്നതായുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു
പരിപാടിയുമായി മുന്നിട്ടിറങ്ങുന്നത് . കണക്കുകള്‍ പ്രകാരം മുതിര്‍ന്നവരില്‍ 21.4 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള
പുകയില ഉത്പന്നത്തിന് അടിമപ്പെട്ടിരിക്കുന്നു. കണക്കുകള്‍ പ്രകാരം പുരുഷന്മാര്‍ 35.5 ശതമാനവും
സ്ത്രീകള്‍ 8.5 ശതമാനവും വരും. കൂടാതെ മരണത്തിനിടയാക്കുന്ന 8 കാരണങ്ങളില്‍ ആറും പുകയിലയുടെ ഉപയോഗം
കൊണ്ടുണ്ടാകുന്നതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്തയോട്ടം നിലക്കുന്നതു കൊണ്ടുള്ള ഹൃദ്രോഗങ്ങള്‍ ,മസ്തിഷ്ക
രോഗങ്ങള്‍ , ശ്വാസകോശരോഗങ്ങള്‍ , ക്ഷയം, ശ്വാസനാളത്തിലെ രോഗബാധ, പല തരത്തിലുള്ള കാന്‍സറുകള്‍ എന്നിവ ഇതില്‍പെടും .
സംസ്ഥാനത്ത് പുകയിലജന്യരോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു
പദ്ധതി നടപ്പിലാക്കുന്നതെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. "പുകയില വിമുക്ത കേരളം' എന്ന മുദ്രാവാക്യവുമായി
സംസ്ഥാനത്തൊട്ടാകെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ബോധവത്കരണം,
പുകയില നിയന്ത്രണ നിയമങ്ങള്‍ എന്നിവമൂലം ചെറുപ്പക്കാരില്‍ പുകയില ശീലങ്ങള്‍ കുറഞ്ഞു വരുന്നത് പുകയില മുക്തകേരളം
പരിപാടിക്ക് കൂടുതല്‍ പ്രതീക്ഷയേകുന്നു. |