അകാലത്തില്‍ മരണമടഞ്ഞ മകനില്‍ നിന്നൊരു കുഞ്ഞ് എന്ന കെ പി രവികുമാര്‍ - കാര്‍ത്ത്യായിനി ദമ്പതികളുടെ മോഹത്തിന്
നിയമത്തിന്റെ പിന്തുണ. ചികിത്സാവേളയില്‍ ശേഖരിച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മകന്റെ ബീജം മാതാപിതാക്കള്‍ക്ക്
കൈമാറാനാണ് ലോക് അദാലത്ത് വിധിച്ചത്. ബീജത്തിന്റെ ഉടമ ജീവിച്ചിരിപ്പില്ലെന്നു കാട്ടി ആശുപത്രി അധികൃതര്‍ ആവശ്യം
നിരാകരിച്ചപ്പോഴാണ് ഇവര്‍ ലോക് അദാലത്തിനെ സമീപിച്ചത്.
ചെന്നൈയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മകന് രതീഷ് കുമാര്‍ കഴിഞ്ഞ
വര്‍ഷം ജനുവരി അഞ്ചിനാണ് മരിച്ചത്. ചികിത്സ തുടങ്ങും മുന്‍പ് ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
മകന് മരിച്ചതോടെ ബീജം തിരിച്ചു കിട്ടാന്‍ ദമ്പതികള്‍ ആശുപത്രിയെ സമീപിക്കുകയായിരുന്നു. ബീജം കിട്ടിയാല്‍ ഇന്‍വിട്രോ
ഫെര്‍ട്ടിലൈസേഷന്‍ , ഇന്‍ട്രാ സൈറ്റോ പ്ലാസ്മിക് സ്പേം ഇന്ജക്ഷന് സങ്കേതങ്ങള്‍ ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ
കുഞ്ഞിന് ജന്മം നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ബീജം സ്വീകരിക്കാന്‍ ബന്ധുവായ ഒരു സ്ത്രീയുടെ സമ്മതവും വാങ്ങിയിട്ടുണ്ട്.
ഉപാധികളോടെയാണ് ലോക് അദാലത്ത് അനുകൂല വിധി നടത്തിയത്. കൃത്രിമ ഗര്‍ഭധാരണം നടത്തുമ്പോള്‍ നേരിടാവുന്ന
വൈദ്യശാസ്ത്രപരവും നിയമപരവുമായ പ്രശ്നങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ ഉത്തരവാദികളായിരിക്കില്ലെന്ന് വിധിയില്‍
വ്യക്തമാക്കുന്നു. മാത്രമല്ല , കൃത്രിമ ബീജദാനവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളെല്ലാം കര്‍ശനമായി പാലിക്കണമെന്നും
വിധിയില്‍ പറയുന്നുണ്ട്. മുന്നോട്ടുള്ള ജീവിതത്തില്‍ ലോക് അദാലത്തിന്റെ വിധിയില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച്
കാത്തിരിക്കുകയാണ് രവികുമാര്‍ - കാര്‍ത്ത്യായിനി ദമ്പതികള്‍ . |