വിളപ്പില്‍ ശാലയിലെ മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്പോള്‍ ദുരിതങ്ങളില്‍ നിന്ന് ഇനിയെങ്കിലും
ഒരു മോചനം എന്ന് പ്രത്യാശിക്കുന്നത് ഒരു ഗ്രാമമാണ്. പക്ഷേ, അടച്ചു പൂട്ടിയാലും ചവര്‍ ഫാക്ടറി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും
മുക്തി നേടാന്‍ വിളപ്പില്‍ ശാലയ്ക്ക് പതിറ്റാണ്ടുകള്‍ തന്നെ വേണ്ടിവരും. രോഗികള്‍ ഇല്ലാത്ത വീടുകള്‍ ഇല്ല , ഇന്ന് വിളപ്പില്‍ശാലയില്‍ .
നഗരമാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതോടെ തങ്ങളെ ബാധിച്ച രോഗങ്ങളെന്തൊക്കെയെന്ന് ഈ ഗ്രാമവാസികള്‍ക്ക് കൃത്യമായി
അറിവില്ല. രോഗങ്ങള്‍ കൊണ്ടുള്ള ദുരിതം അത്രയേറെയുണ്ട്. ആദ്യം ശുദ്ധവായു നിഷേധിക്കപ്പെട്ടു. രൂക്ഷമായ ദുര്‍ഗന്ധം കൊണ്ട്
വീണു പോയവര്‍ ഏറെ. ആരോഗ്യത്തോടെ കുടുംബം പോറ്റിയവര്‍ ഇന്ന് കട്ടിലിലാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ഈ
ഗ്രാമത്തിലെ ആളുകളെല്ലാം വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലാണ് . വീണ്ടും ഈ ചുറ്റുപാടിലേക്ക് തന്നെ മടങ്ങേണ്ടതു
കൊണ്ട് എത്ര മരുന്നു കഴിച്ചിട്ടും രോഗമുക്തി ഉണ്ടാകുന്നില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. ശ്വാസകോശസംബന്ധമായ
രോഗങ്ങള്‍ ബാധിക്കാത്ത കുടുംബങ്ങളേയില്ല ഇവിടെ. ശ്വാസംമുട്ടലും ആസ്ത്മയും പ്രായഭേദമില്ലാതെ എല്ലാവരിലും
കാണപ്പെടുന്നു.
കൈകാലുകളില്‍ വ്രണങ്ങളില്ലാത്ത ഒറ്റ ആളെപോലും ഇവിടെ കാണാനാകില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒക്കെയുണ്ട്
ഹൃദയസംബന്ധമായ അസുഖങ്ങളും ചൊറിഞ്ഞുപൊട്ടലും . തിരുവനന്തപുരം കോര്പ്പറേഷന് ഇന്നും വാശിപിടിക്കുന്നു ;
തങ്ങളുടെ മാലിന്യങ്ങള്‍ വിളപ്പില്‍ ശാല തന്നെ പേറണമെന്ന് . ഒരു ജനതയുടെ ആരോഗ്യത്തെ ഇല്ലാതാക്കി മാലിന്യമലകള്‍ ഉയര്‍ന്നു
നില്‍ക്കുന്നത് കോര്പ്പറേഷന് മാത്രം കാണാതെ പോകുന്നു.
|