വാഹനാപകടത്തില്‍ അടര്‍ന്നുപോയ ആറ് വയസുകാരന്‍ അഭയകുമാറിന്‍റെ മുഖത്തിന്‍റെ
വലിയൊരുഭാഗം മൈക്രോവാസ്കുലാര്‍ റീപ്ലാന്‍റേഷനിലൂടെ കൂട്ടിച്ചേര്‍ത്തു. എറണാകുളം
സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ പ്ലാസ്റ്റിക് ആന്‍റ് മൈക്രോവാസ്കുലാര്‍ വിഭാഗത്തിലെ വിദഗ്ധ
ഡോക്ടര്‍മാരാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് വാഹനാപകടത്തില്‍ അടര്‍ന്നുപോയ മുഖത്തിന്‍റെ
വലിയൊരുഭാഗം വിജയകരമായി കൂട്ടിച്ചേര്‍ക്കുന്നത് എന്ന് എറണാകുളം സ്പെഷ്യലിസ്റ്റ്സ്
ആശുപത്രിയിലെ പ്ലാസ്റ്റിക് ആന്‍റ് മൈക്രോവാസ്കുലാര്‍ സര്‍ജറി വിഭാഗത്തിന്‍റെ മേധാവി
ഡോ . ആര്‍ . ജയകുമാര്‍ പറഞ്ഞു. അപകടം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ തന്നെ
അടര്‍ന്നുപോയ മുഖത്തിന്‍റെ ഭാഗം ആശുപത്രിയില്‍ എത്തിക്കാനായതും അണുബാധ ഇല്ലാതെ
സൂക്ഷിക്കാന്‍ സാധിച്ചതുമാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്.
പത്തനംതിട്ട തലച്ചിറ മൈലാടന്‍പാറ വീട്ടില്‍ വിജയന്‍ - ഷീബ ദമ്പതികളുടെ
മകനാണ് അഭയകുമാര്‍ . ഡിസംബര്‍ 20 നാണ് ആറന്മുളയില്‍ വെച്ച് അഭയകുമാറും
ബന്ധുക്കളും സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചത്. അപകടത്തില്‍ അഭയകുമാറിന്‍റെ
ചുണ്ടിന്‍റെ ഭാഗവുംമൂക്കും അടങ്ങിയ മുഖത്തിന്‍റെ വലിയൊരുഭാഗമാണ് അടര്‍ന്നുപോയിരുന്നത്.
രണ്ടാഴ്ചക്കുള്ളില്‍ അഭയകുമാറിന് ആശുപത്രി വിടാനാകും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഈ ശസ്ത്രകിയയ്ക്ക് വേണ്ടി വന്ന ചെലവ് മൂന്ന് ലക്ഷം രൂപയാണ് . |