തിരുവനന്തപുരത്ത് നിന്ന് 35 കിലോമീറ്ററോളം അകലെയാണ് പെരിങ്ങമ്മല എന്ന മലയോര ഗ്രാമം.
ഇവിടുത്തെ പോട്ടമാവ് എന്ന ആദിവാസി കോളനിയിലെ മന്ത് രോഗം വ്യാപകമാവുന്നു എന്ന
അമൃത വാര്‍ത്തയെത്തുടര്‍ന്ന് ചികിത്സാസൌകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും
ഇവിടെ ഏര്‍പ്പെടുത്താന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദ്ദേശം.
20 വര്‍ഷം മുന്‍പാണ് കോളനിയിലെ ചിലരുടെ കാലുകളില്‍ നീര് വന്ന് വീര്‍ത്തു തുടങ്ങിയത്.
ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണെത്താത്ത കാടിനുള്ളില്‍ ഒരു രോഗം പടരുന്നതിന്റെ ലക്ഷണമാണ് അതെന്ന്
കാടിനെ ആശ്രയിച്ചു കഴിയുന്നവര്‍ അറിഞ്ഞില്ല. നാളുകള്‍ കഴിഞ്ഞ് ചിലരുടെ കാലുകള്‍ പിന്നെയും വീര്‍ത്തു വന്നു.
ദൈവത്തിന്റെ അനുഗ്രഹം കിട്ടുന്നവരുടെ കാലുകളാണ് വീര്‍ത്തു വരുന്നതെന്ന്
മുതിര്‍ന്നവര്‍ വിശ്വസിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറംലോകം രോഗവിവരം അറിഞ്ഞപ്പോഴേക്കും മന്തു രോഗം ഏറെ പേരെ
പിടികൂടിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ഇടപെടല്‍ ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് മന്തുരോഗം
പിടിപെടാതിരിക്കാന്‍ കാരണമായി . എങ്കിലും രോഗഭീതി ഈ പ്രദേശത്തുള്ളവരെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല.
20 വര്‍ഷം മുന്‍പ് പരിതാപകരമായ അവസ്ഥയായിരുന്നു പോട്ടമാവ് കോളനിവാസികളുടേത്. വന വിഭവങ്ങള്‍ ശേഖരിച്ച്
വിറ്റാണ് മിക്ക കുടുംബങ്ങളും ജീവിച്ചിരുന്നത്. മറ്റ് ആദിവാസി മേഖലകളെ അപേക്ഷിച്ച് പോട്ടമാവില് ചതുപ്പ് നിലങ്ങള്‍
കൂടുതലാണ്. ചതുപ്പില്‍ മന്തുരോഗം പടര്‍ത്തുന്ന ക്യൂലക്സ് കൊതുകുകള്‍ പെരുകുന്നതു കൊണ്ടാണ് ഈ മേഖലയില്‍ മന്തു
രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല, രോഗം കണ്ടെത്തിയ കാലത്ത് മരുന്ന്
കഴിക്കാത്തതും ഏറെ പേര്‍ക്ക് രോഗം പടരാന്‍ കാരണമായി . ക്യൂലക്സ് കൊതുകിലെ മാന്‍സോണിയ വര്‍ഗ്ഗത്തില്‍ പെട്ട
കൊതുകാണ് വനപ്രദേശമായ ഈ ഭാഗത്ത് രോഗം പകര്‍ത്തുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രികാലത്തെ
രക്തപരിശോധനയിലാണ് രോഗബാധ ഉണ്ടോ എന്ന് കണ്ടെത്താനാവുക. രോഗം തിരിച്ചറിഞ്ഞ സമയത്ത് നല്കിയ മരുന്നുകള്‍
കഴിക്കാന്‍ കോളനിനിവാസികള്‍ തയ്യാറാകാതിരുന്നതും രോഗം പടരാന്‍ കാരണമായി. ആദിവാസികള്‍ കൂട്ടത്തോടെ
വനത്തിനുള്ളില്‍ ജോലിക്കു പോകുന്നതിനാല്‍ ഏറെ പേരുടെയും രക്തപരിശോധന നടത്താന്‍ കഴിയാത്തത് രോഗം പടരാന്‍
കാരണമായി . ഈ മേഖലയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍
ഓഫീസര്‍ രക്തപരിശോധന നടത്തുന്നുണ്ട്. |