മന്ത് രോഗം വ്യാപകമായത് തിരുവനന്തപുരത്ത് ആദിവാസി കോളനിയെ ദുരിതത്തിലാഴ്ത്തുന്നു. നെടുമങ്ങാട് പെരിങ്ങമല
പഞ്ചായത്തിലെ ആദിവാസി കോളനിയിലാണ് പതിനെട്ട് പേര്‍ക്ക് മന്ത് രോഗം പിടിപെട്ടിരിക്കുന്നത്.ജില്ലാ അതിര്‍ത്തിയായ
പെരിങ്ങമല പഞ്ചായത്തിലെ പോട്ടമാവ് എന്ന ആദിവാസി കോളനിയിലെ ദുരിത ചിത്രമാണ് ഇത്. 20 വര്‍ഷം മുന്‍പാണ്
കോളനിയിലെ ചിലരുടെ കാലുകളില്‍ നീര് വന്ന് വീര്‍ത്തു തുടങ്ങിയത്. ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണെത്താത്ത കാടിനുള്ളില്‍
ഒരു രോഗം പടരുന്നതിന്റെ ലക്ഷണമാണ് അതെന്ന് കാടിനെ ആശ്രയിച്ചു കഴിയുന്നവര്‍ അറിഞ്ഞില്ല. നാളുകള്‍ കഴിഞ്ഞ്
ചിലരുടെ കാലുകള്‍ പിന്നെയും വീര്‍ത്തു വന്നു. ദൈവത്തിന്റെ അനുഗ്രഹം കിട്ടുന്നവരുടെ കാലുകളാണ് വീര്‍ത്തു വരുന്നതെന്ന്
മുതിര്‍ന്നവര്‍ വിശ്വസിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറംലോകം രോഗവിവരം അറിഞ്ഞപ്പോഴേക്കും മന്തു രോഗം ഏറെ പേരെ
പിടികൂടിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ഇടപെടല്‍ ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് മന്തുരോഗം
പിടിപെടാതിരിക്കാന്‍ കാരണമായി . എങ്കിലും രോഗഭീതി ഈ പ്രദേശത്തുള്ളവരെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല.
20 വര്‍ഷം മുന്‍പ് പരിതാപകരമായ അവസ്ഥയായിരുന്നു പോട്ടമാവ് കോളനിവാസികളുടേത്. വന വിഭവങ്ങള്‍ ശേഖരിച്ച്
വിറ്റാണ് മിക്ക കുടുംബങ്ങളും ജീവിച്ചിരുന്നത്. മറ്റ് ആദിവാസി മേഖലകളെ അപേക്ഷിച്ച് പോട്ടമാവില് ചതുപ്പ് നിലങ്ങള്‍
കൂടുതലാണ്. ചതുപ്പില്‍ മന്തുരോഗം പടര്‍ത്തുന്ന ക്യൂലക്സ് കൊതുകുകള്‍ പെരുകുന്നതു കൊണ്ടാണ് ഈ മേഖലയില്‍ മന്തു
രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല, രോഗം കണ്ടെത്തിയ കാലത്ത് മരുന്ന്
കഴിക്കാത്തതും ഏറെ പേര്‍ക്ക് രോഗം പടരാന്‍ കാരണമായി . ക്യൂലക്സ് കൊതുകിലെ മാന്‍സോണിയ വര്‍ഗ്ഗത്തില്‍ പെട്ട
കൊതുകാണ് വനപ്രദേശമായ ഈ ഭാഗത്ത് രോഗം പകര്‍ത്തുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രികാലത്തെ
രക്തപരിശോധനയിലാണ് രോഗബാധ ഉണ്ടോ എന്ന് കണ്ടെത്താനാവുക. രോഗം തിരിച്ചറിഞ്ഞ സമയത്ത് നല്കിയ മരുന്നുകള്‍
കഴിക്കാന്‍ കോളനിനിവാസികള്‍ തയ്യാറാകാതിരുന്നതും രോഗം പടരാന്‍ കാരണമായി. ആദിവാസികള്‍ കൂട്ടത്തോടെ
വനത്തിനുള്ളില്‍ ജോലിക്കു പോകുന്നതിനാല്‍ ഏറെ പേരുടെയും രക്തപരിശോധന നടത്താന്‍ കഴിയാത്തത് രോഗം പടരാന്‍
കാരണമായി . ഇപ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഈ മേഖലയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍
ഓഫീസര്‍ രക്തപരിശോധന നടത്തുന്നുണ്ട്. മന്തു രോഗം വീണ്ടും തങ്ങളുടെ പ്രദേശത്ത് ഭീഷണിയാകുമോ എന്ന് ഈ
കാടിന്റെ മക്കള്‍ക്ക് ഭയമുണ്ട്.
|