ക്യാപ്റ്റൻ വിരാട് കോഹ്ലിയും, ഏകദിനത്തിലെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്ന വാർത്തകൾ അങ്ങിങ്ങായി കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. വേൾഡ് കപ്പിന് ശേഷം ഇരുവരും തമ്മിൽ അത്ര സുഖത്തിൽ അല്ലെന്നും, ടീമിനുള്ളിൽ തന്നെ രണ്ട് വിഭാഗങ്ങൾ ഉണ്ടെന്നുമാണ് പലരും അടക്കം പറയുന്നത്.
എന്നാൽ ഇതിനുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി. പതിനഞ്ച് അംഗങ്ങൾ അടങ്ങിയ ടീമിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ സ്വാഭാവികമാണ് എന്നും, ചിലപ്പോൾ ജൂനിയർ താരങ്ങൾക്ക് വരെ അതുണ്ടാകും എന്നും, അത്തരം അഭിപ്രായങ്ങൾ ടീമിന് നല്ലതാണ് എന്നുമാണ് ചോദ്യങ്ങൾക്ക് രവിശാസ്ത്രി പ്രതികരിച്ചത്. രോഹിത്ത് ശർമയ്ക്ക് കോഹ്ലിയുമായി അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ ലോകകപ്പിൽ ഇത്രയും സെഞ്ച്വറികൾ നേടാനാകുമായിരുന്നോ എന്നും ശാസ്ത്രി ചോദിക്കുന്നു. വേൾഡ് കപ്പിന് ശേഷം കോഹ്ലിയുടെ ഭാര്യയും, ബോളിവുഡ് താരവുമായ അനുഷ്കയെ രോഹിത്ത് സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തിരുന്നു. ഇതാണ് ഇരുവർക്കും ഇടയിൽ ഭിന്നത ഉണ്ടെന്ന വാർത്തകൾക്ക് ആക്കം കൂട്ടിയത്.