മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ പ്രതിഭകളിൽ ഒരാളാണ് മമ്മൂട്ടി എന്നതിൽ തർക്കമില്ല. 3 ദേശീയ അവാർഡുകളും, പത്മ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെന്ന വ്യക്തിയോട് തനിക്ക് ദേഷ്യമായിരുന്നു എന്നും, അയാളെ മനപ്പൂർവ്വം ഒഴിവാക്കിയിരുന്നുമെന്നുമാണ് തിരക്കഥാകൃത്തും, നടനും, സംവിധായകനുമൊക്കെയായി തിളങ്ങിയ ശ്രീകുമാർ പറയുന്നത്.
ഒരു ഡേറ്റിന്റെ പേരിൽ ഉണ്ടായ പിണക്കം മൂലം ഇങ്ങോട്ട് മിണ്ടാനായി വന്നാൽ പോലും താൻ എങ്ങനെയെങ്കിലും അതിൽ നിന്ന് ഒഴിവാകുമായിരുന്നു. കാലം കുറേ കഴിഞ്ഞപ്പോൾ സിനിമകൾ എല്ലാം സാമ്പത്തികമായി പരാജയമായി, ആകെ തകർന്നു പോയി. പെട്ടെന്ന് ഒരു ദിവസം വീടിന്റെ മുന്നിലൊരു കാർ വന്നു, വേണു നാഗവള്ളി അയച്ചതാണെന്നും, ആലപ്പുഴയിൽ എത്താനും പറഞ്ഞു. സത്യത്തിൽ അത് അയച്ചത് ശത്രുവിനെ പോലെ കണ്ട മമ്മൂട്ടിയായിരുന്നു. തന്റെ ദുരവസ്ഥ വേണുവിൽ നിന്നറിഞ്ഞ് അടുത്ത് ഒരു മുറി എടുത്ത് തന്ന് താമസിപ്പിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ പണവും പ്രതാപവും കാണിക്കാൻ ആണോ ഇതെന്ന് ചോദിച്ച് കയർത്തു, പക്ഷേ ചിരിച്ചിട്ട് ഒരു കഥയുണ്ടോ എന്നാണ് മമ്മൂട്ടി ചോദിച്ചത്. അന്ന് മമ്മൂട്ടിയോട് പറഞ്ഞ കഥയാണ് വിഷ്ണു. കഥ കേട്ട് അത് ചെയ്യാമെന്ന് മമ്മൂട്ടി ഉറപ്പിച്ചു. അവിടെ നിന്നാണ് ജീവിതത്തിലേക്ക് തിരിച്ചു നടന്നതെന്ന് ശ്രീകുമാർ ഓർക്കുന്നു.