മഹാരാഷ്ട്രയിലെ പ്രസിദ്ധ ആചാരമായ പോളയ്ക്കിടക്ക് കാള അകത്താക്കിയ ഒന്നര പവന്റെ സ്വർണ്ണമാലയും കാത്ത് വീട്ടുകാർ ഇരുന്നത് 8 ദിവസം.അഹമ്മദ് നഗറിലെ വാഗ്‌പൂർ എന്ന സ്ഥലത്ത് നടന്ന ആഘോഷത്തിലാണ് വീട്ടുകാരെ കാള വെട്ടിലാക്കിയത്.വീട്ടിലെ സ്വർണ്ണാഭരണങ്ങൾ തട്ടിലാക്കി കാളയുടെ മുന്നിൽ വച്ച്, തലയിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്ന ആഘോഷത്തിനിടയ്ക്ക് കറന്റ് പോയി. മെഴുകുതിരി എടുക്കാനായി ഉള്ളിലേക്ക് പോയി തിരികെ വന്നപ്പോഴേക്കും വീട്ടുകാർ കണ്ടത് ഒഴിഞ്ഞ തട്ട്.
മധുര ചപ്പാത്തിയുടെ കൂടെ മാല വച്ചതാണ് കാള മാല കഴിക്കാനുള്ള കാരണം.ബാബുറാവുവും, അദ്ദേഹത്തിന്റെ ഭാര്യയുമാണ് പിന്നെ 8 ദിവസം കാള ചാണകം ഇട്ട് മാല വരുന്നതിനായി കാത്തിരുന്നത്. അവസാനം മാല വരാതെ ആയതോടെ ഡോക്ടറെ കണ്ട് എക്സ്റേ എടുത്ത് ശസ്ത്രക്രിയ നടത്തിയാണ് സംഗതി പുറത്തെടുത്തത്.