പൊന്നാമറ്റം തറവാട്ടിലെ രണ്ട് കുട്ടികളെ കൂടി ജോളി ലക്ഷ്യമിട്ടെന്ന് എസ്പി കെ.ജി സൈമൺ വ്യക്തമാക്കി. മറ്റൊരു വീട്ടിലും കൂടി ജോളി കൊലപാതക പരമ്പര ആസൂത്രണം ചെയ്തു എന്നും എസ്പി വെളിപ്പെടുത്തി.റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആർ ആക്കി അന്വേഷിക്കും. തെളിവുകൾ ലഭ്യമായ കേസ് ആയതിനാൽ തന്നെ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്ന് അന്വേഷണ വൃത്തങ്ങൾ സൂചന നൽകി. രണ്ടാം ഭർത്താവ് ഷാജു തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ കടുത്ത നടപടി ഉണ്ടാകും എന്നും എസ്പി പറഞ്ഞു.അതേസമയം മുഴുവൻ സമയവും ജോളിയെ നിരീക്ഷിക്കാൻ ജയിലിൽ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിന് പിറകെയാണ് ഈ തീരുമാനം.
രണ്ടാം വിവാഹം സിലിയുടെ കുടുംബത്തിന്റെ പിന്തുണയിടെയാണെന്ന ഷാജുവിന്റെ വാദം സിലിയുടെ സഹോദരങ്ങൾ തള്ളി. ഷാജുവും സിലിയും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു എന്നതിനാൽ തന്നെ രണ്ടാം വിവാഹത്തിൽ ആരും പങ്കെടുത്തിരുന്നില്ല എന്ന് സിജോയും, സ്മിതയും മൊഴി നൽകി. മൊഴിയെടുക്കൽ പയ്യോളിയിൽ തുടരുകയാണ്.മൃതദേഹ പരിശോധനയിൽ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയ ഡിഎൻഎ പരിശോധന അമേരിക്കയിൽ നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. റോയിയുടെ സഹോദരൻ റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ കഴിയുന്ന റോജോയാണ് മരണങ്ങളിലെ ദുരൂഹത ചൂണ്ടിക്കാട്ടി ആദ്യമായി പരാതി നൽകിയത്.