ശാസ്ത്രീയ സംഗീതത്തെ സാക്സോഫോണിലേക്ക് ആവാഹിച്ച കദ്രി ഗോപാലനാഥ് അന്തരിച്ചു. 69 വയസ്സായിരുന്ന കദ്രി ഗോപാലനാഥ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. ഒരാഴ്ചക്കാലമായി അസുഖബാധിതനായി ആശുപത്രിയിലായിരുന്നു. കർണ്ണാടക സംഗീതത്തെ സാക്സോഫോണിലേക്ക് കൊണ്ടുവന്നത് തന്നെ കദ്രിയായിരുന്നു എന്നു വേണം പറയാൻ. ദക്ഷിണ കാനറയിൽ ജനിച്ച ഗോപാലനാഥ്, നാഗസ്വര വിദ്വാനായ അച്ഛനിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. മൈസൂർ കൊട്ടാര ബാന്റിന്റെ ക്ലാർനെറ്റ് കണ്ണിൽ യാദൃശ്ചികമായി ഉടക്കിയതാണ് കദ്രിയുടെ ജീവിതത്തിലെ വഴിത്തിരിവ്. ലോകപ്രശസ്തമായ എല്ലാ സംഗീതോത്സവങ്ങളിലേയും നിറസാന്നിധ്യമായിരുന്നു കദ്രി. ബിബിസിയുടെ പ്രോമാനേഡ് ക്ഷണം ലഭിച്ച കർണ്ണാടക സംഗീതജ്ഞൻ കൂടിയാണ് കദ്രി ഗോപാൽനാഥ്. രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സാക്സോഫോൺ ചക്രവർത്തി, സാക്സോഫോൺ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്മ, സംഗീതവൈദ്യരത്ന, നാദകലാനിധി, കലൈമാമണി അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ബഹുമതികളുടെ നിര നീളുന്നു. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാൻ കൂടി ഇതിനോടൊപ്പം ചേർക്കാം. ഷഹനായിൽ ഉസ്താദ് ബിസ്മില്ല ഖാൻ, തബാലയിൽ സക്കീർ ഹുസൈൻ, സിത്താറിൽ പണ്ഡിറ്റ് രവിശങ്കർ എന്നത് പോലെ സാക്സഫോണിൽ കദ്രി എന്ന് നിസ്സംശയം പറയാം. ജനനസ്സുകളിൽ കദ്രിയും അദ്ദേഹം നൽകിയ സംഗീതവും ഒരിക്കലും മരിക്കുന്നില്ല.