ഭാരതത്തിന്റെ പതിനൊന്നാം രാഷ്ട്രപതിയായ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ഇന്ന്. ലോകം വിദ്യാർത്ഥി ദിനമായി കൊണ്ടാടുന്ന ദിവസം. വിദ്യാർത്ഥികൾക്ക് അത്രമേൽ പ്രിയങ്കരനായിരുന്ന അധ്യാപകനും, ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളുമായിരുന്നു രാമേശ്വരത്തെ ചെറിയ വീട്ടിൽ നിന്നും ഉയരങ്ങൾ കീഴടക്കിയ എപിജെ.
നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും വിനയത്തിന്റെ ചെറു പുഞ്ചിരിയിലൂടെ അല്ലെങ്കിൽ കുറിക്ക് കൊള്ളുന്ന വാക്കുകളിലൂടെ ജനങ്ങളെ എന്നും ചേർത്ത് നിർത്തിയിരുന്നു കലാം. ഐഎസ്ആർഒ എന്ന ഭാരതത്തിന്റെ അഭിമാന സ്ഥാപനത്തിൽ കാർക്കശ്യകാരനായിരുന്ന കാലമായിരുന്നില്ല ഇന്ത്യയുടെ രാഷ്ട്രപതിയായി എത്തിയ കലാം. മിസൈൽ മാനിൽ നിന്നും പതിനൊന്നാം രാഷ്ട്രപതിയിലേക്കുള്ള ആ മാറ്റം ശ്രദ്ധേയമാണ്.
ആഗ്രഹിക്കുന്ന മാറ്റം തുടങ്ങേണ്ടത് നിങ്ങളിൽ നിന്നുതന്നെയാണെന്ന് ജീവിതത്തിൽ കാണിച്ചു തന്ന പ്രതിഭയായിരുന്നു അദ്ദേഹം. ഏറ്റവും ജനകീയനായ രാഷ്ട്രപതി എന്ന പട്ടം ഒരുപക്ഷേ വേറെ ആർക്കും അവകാശയപ്പെടാനും കാണില്ല.
ഒരു തോണിക്കാരന്റെ മകനിൽ നിന്ന് ലോകം വാഴ്ത്തുന്ന ഈ ഉയരത്തേക്ക് അദ്ദേഹത്തെ നടത്തിയത് ജീവിതത്തിൽ വിനയവും, അറിവ് നേടാനുള്ള വ്യഗ്രതയുമായിരുന്നു. ഉറങ്ങുമ്പോഴല്ല ഉണർന്നിരിക്കുമ്പോഴാണ് സ്വപ്നങ്ങൾ കാണേണ്ടത് എന്നദ്ദേഹം യുവാക്കളോട് പറഞ്ഞു കൊണ്ടേയിരുന്നു. മധുരമായ എന്നാൽ അഗ്നി പോലെ ഉള്ളിൽ തറയ്ക്കുന്ന വാക്കുകളിലൂടെ, അഗ്നിച്ചിറകിലൂടെ എന്നും ജീവിയ്ക്കുന്നു ആ മഹാപ്രതിഭ.