നീണ്ടനാളത്തെ ശീതനിദ്ര കഴിഞ്ഞു ഒന്ന് ഉഷാറാവാൻ വേണ്ടി നടക്കാൻ ഇറങ്ങിയതാണ് മാമറ്റ്. കഷ്ടകാലമെന്നോണം ചെന്നു പെട്ടത് ടിബറ്റൻ കുറുക്കന്റെ മുന്നിൽ. കുഞ്ഞുങ്ങൾക്ക് ഇരതേടാൻ ഇറങ്ങിയ കുറുക്കന്റെ മുൻപിൽ വളരെ ദയനീയമായി മാമറ്റ് നിന്നെങ്കിലും, കുറുക്കന്റെ ശൗര്യത്തിനു മുൻപിൽ മാമാറ്റിന് പിടിച്ചു നിൽക്കാനായില്ല. മാമാറ്റിന്റെ ദയനീയതയും, കുറുക്കന്റെ ശൗര്യവും യോങ്ചിങ് ബാവോ പിന്നൊന്നും ചിന്തിച്ചില്ല, ക്യാമറയെടുത്തു നിമിഷനേരം കൊണ്ട് ചിത്രം ക്യാമറയിലാക്കി. ഇപ്പോൾ ആ ചിത്രം ബാവോക്ക് ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഇക്കൊല്ലത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് വാങ്ങിക്കൊടുത്തു.
ഹിമാലയൻ മലനിരകളിലെ എലി വർഗ്ഗത്തിൽ പെട്ടതാണ് ജീവിയാണ് മാമറ്റ്. ആറു മാസത്തെ ശീതനിദ്രക്കു ശേഷം മാളങ്ങളിൽ നിന്നും ഇറങ്ങുന്ന ഇവയെ വേട്ടയാടാൻ പല മൃഗങ്ങളും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കാറുണ്ട്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷം ചൈനയിലെ ചിങ്ഹായ മലനിരകളിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്. ചിത്രം പകർത്തിയ അടുത്ത നിമിഷം തന്നെ കുറുക്കൻ മാമാറ്റിനെ തന്റെ ഇരയാക്കുകയും ചെയ്തെന്ന് ബാവോ പറഞ്ഞു.