കൊച്ചി നഗരസഭയെ പിരിച്ചുവിട്ടുകൂടെ എന്ന് ഹൈക്കോടതി.

0
660

ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ കാര്യക്ഷമമല്ലാത്ത കൊച്ചി നഗരസഭയെ പിരിച്ചു വിട്ടുകൂടെ എന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. സർക്കാർ മുൻകൈയെടുത്ത് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നഗരസഭയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്.

കൊച്ചി നഗരമധ്യത്തിൽ കൂടി പോകുന്ന പേരണ്ടൂർ കനാൽ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ചു കാലങ്ങളായി നിരവധി പരാതികളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷൻ കനാൽ ശുചീകരണം ഒരിക്കലും പൂർത്തിയാകുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത്‌ പോലുള്ള കെടുകാര്യസ്ഥതയാണ് കൊച്ചിയിൽ വെള്ളക്കെട്ടുണ്ടാകുന്നത് എന്നായിരുന്നു കണ്ടെത്തൽ.

കനാൽ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് നഗരസഭയ്ക്കെതിരെ കോടതി വിമർശനം ഉന്നയിച്ചത്. എന്തുകൊണ്ടാണ് നഗരസഭ ഇത്തരത്തിൽ നിഷ്ക്രിയമായി പെരുമാറുന്നതെന്ന് കോടതി പറഞ്ഞു. മുനിസിപ്പാലിറ്റീസ് ആക്ട് അനുസരിച്ച് സർക്കാരിന് വേണമെങ്കിൽ നഗരസഭയെ പിരിച്ചുവിട്ടുകൂടെയെന്നുവരെയുള്ള പരാമർശങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

കൊച്ചിയെ സിങ്കപ്പുർ നഗരം പോലെയാക്കണമെന്ന് പറയുന്നില്ല. പക്ഷെ ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. പൊടുന്നനെ വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തിൽ സമ്പന്നർക്ക് അതിവേഗം രക്ഷപ്പെടാൻ കഴിഞ്ഞേക്കാം. പക്ഷെ സാധാരണക്കാർക്ക് അതിന് സാധിച്ചെന്നുവരില്ല. ഈയൊരു സാഹചര്യത്തിൽ നഗരസഭ എന്തുകൊണ്ടാണ് ഇങ്ങനെ പ്രവർത്തിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.

വർഷാവർഷം ചെളി നീക്കുന്നതിന് വേണ്ടി കോടികളാണ് ചിലവഴിച്ചിട്ടും എന്തുകൊണ്ട് ചെളിനീക്കൽ പൂർത്തിയാകുന്നില്ല? തുടർന്നാണ് സർക്കാർ അതിന്റെ അധികാരം വിനിയോഗിക്കണമെന്ന പരാമർശം കോടതിയിൽ നിന്നുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here