കൊച്ചി മുങ്ങിയതോ മുക്കിയതോ?

0
707

ഒരു സിററി എങ്ങനെ നശിപ്പിക്കാം ഉത്തമ ഉദാഹരണമാണ് കൊച്ചി സിറ്റി. അതുകൊണ്ടാണ് തൊട്ടപ്പുറത്ത് കായലും കടലും കിടന്നിട്ടും ഒരു മഴയിൽ കൊച്ചി നഗരത്തെ വെള്ളം വിഴുങ്ങിയത്. കൊച്ചിയിൽ ഉണ്ടായത് വെള്ളപ്പൊക്കമല്ല, വെള്ളക്കെട്ടാണ് എന്നതാണ് പ്രത്യേകം ഓർക്കേണ്ട വസ്തുത.

കണക്കുകളിലേക്ക് വരാം

നഗരത്തിൽ ഞായർ മുതൽ തിങ്കൾ രാവിലെ എട്ടു വരെ 24 മണിക്കൂറിനിടയിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണ്. ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ മഴമാപിനിയിലെ കണക്ക് പ്രകാരം ഏകദേശം 20 സെന്റീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ 16 സെന്റിമീറ്റർ മഴ ലഭിച്ചപ്പോൾ സമീപ നഗരമായ വൈക്കത്ത് 19 സെന്റിമീറ്ററും, ആലപ്പുഴയിൽ 17 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി!

മഴ കുറച്ച് ഭാഗം മാത്രം കേന്ദ്രീകരിച്ച്!

അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടുന്ന നെടുമ്പാശേരിയിൽ ലഭിച്ചത് വെറും 3 സെന്റിമീറ്റർ മഴ! കഴിഞ്ഞ പ്രളയത്തിൽ മുങ്ങിയ ആലുവയിൽ പെയ്തത് നാമമാത്രമായ മഴ. അതായത് വൈക്കത്തിനും എറണാകുളത്തിനും ആലപ്പുഴയ്ക്കുമിടയിലുള്ള ഏകദേശം 25–40 കിലോമീറ്റർ വിശാലമായ പ്രദേശം രാത്രി പുലരുവോളം ഇതുവരെ കാണാത്ത അതിതീവ്രമഴയുടെ പിടിയിലമർന്നുവെന്നാണ്. ഇത്രയും ചതുരശ്ര കിമീ ഭാഗം മാത്രം കേന്ദ്രീകരിച്ച് ശക്തമായ മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകും പക്ഷേ ഇത്ര രൂക്ഷമാകുന്നത് എങ്ങനെ എന്നതാണ് ചോദ്യം.

വെള്ളക്കെട്ടിന്റെ കാരണങ്ങൾ

വെള്ളം ഒഴുകേണ്ട തോടുകളും, ഡ്രെയ്നേജ് സംവിധാനവും, ഉൾനാടൻ ജലപാതകളും ചെളിയും, പ്ലാസ്റ്റിക്കും, മാലിന്യവും, കുളവാഴയും, നിർമാണത്തിനിടെ ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കളും കൊണ്ട് പണ്ടേ നിറഞ്ഞു കിടക്കുകയാണ്. എറണാകുളം സൗത്ത് സ്റ്റേഷനിലും, വൈറ്റിലയിലും, എംജി റോഡിലും, മേനക ഭാഗത്തും ഇത്രയധികം വെള്ളക്കെട്ട് ഉണ്ടായിട്ടില്ല. അനധികൃത കയ്യേറ്റങ്ങളും കൂടിയാവുമ്പോൾ കൊച്ചിയെ മുക്കിയതിന്റെ കാരണം തേടേണ്ടല്ലോ?

എന്തൊക്കെയാണ് പോംവഴികൾ?

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഇത്തരം അതിതീവ്രമഴകൾ കഴിഞ്ഞ 2 വർഷമായി കേരളം പോലുള്ള സംസ്ഥാനങ്ങളിൽ വർദ്ധിച്ച് വരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെ ചെറുക്കാൻ ആവശ്യമായ ഹെവി ഡ്യൂട്ടി പമ്പുകളും മറ്റും നഗരവികസനത്തിന്റെയും, നഗരാസൂത്രണത്തിന്റെയും ഭാഗമാക്കുക മാത്രമാണ് ഇതിൽ നിന്നുള്ള മോചനമെന്ന് വിദഗ്ധർ പറയുന്നു. മുംബൈ പോലുള്ള നഗരങ്ങളിൽ ഒരൊറ്റ മഴയിൽ വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്നത് നമ്മൾ പത്രങ്ങളിൽ വായിച്ചിട്ടുള്ളതാണ്. ഒരു മഴയിൽ മുങ്ങില്ലെന്ന നമ്മുടെ അഹങ്കാരം മാറ്റിവച്ച് ഇത്തരം മിന്നൽ നഗരപ്രളയങ്ങളെ നേരിടാൻ കൊച്ചി ഒരുങ്ങേണ്ടിയിരിക്കുന്നു. ദീർഘവീക്ഷണമുള്ള റയിൽവേ പോലും ഇത് മുന്നിൽ കണ്ടില്ല എന്നതാണു നഗരാസൂത്രകരെ ഞെട്ടിക്കുന്നത്. ഉയർന്ന വെള്ളത്തിന്റെ നില രേഖപ്പെടുത്തി പുതിയ നഗരാസൂത്രണ ഭൂപടങ്ങളിൽ ഈ ഇടങ്ങൾ അടയാളപ്പെടുത്താൻ നടപടി ഉണ്ടാകണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിർദേശം. കടൽ കയറി നിൽക്കുന്ന വേലിയേറ്റ സമയമാകാതിരുന്നത് ഭാഗ്യമായി, അല്ലെങ്കിൽ വെള്ളം ഇതിലുമധികം ഉയരുമായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് വേമ്പനാട് കായൽ നിറഞ്ഞ് കോട്ടയത്തും കുട്ടനാട്ടിലും വെള്ളം ഇറങ്ങാതെ ദിവസങ്ങളോളം ഉയർന്നു നിൽക്കാൻ കാരണമായത് കടൽ വെള്ളമെടുക്കാതെ നിൽക്കുന്ന സമയമായതിനാലാണ്.

കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, തോടുകളും ഡ്രൈനേജ് സംവിധാനവും കൃത്യമായി നിരീക്ഷിക്കുക, കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണികൾ ചെയ്യുക എന്നത് മാത്രമാണ് ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള വഴികൾ. ഒപ്പം ഒരു പൗരനെന്ന നിലയിൽ മാലിന്യങ്ങൾ വലിച്ചെറിയാതെയിരിക്കുക, നമ്മുടെ കൂടെ ചെയ്തികളുടെ ഫലമാണ് ഈ അനുഭവിക്കുന്നത് എന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കുക.

ചിത്രങ്ങൾ: ലെറിൻ, വൈറ്റില

LEAVE A REPLY

Please enter your comment!
Please enter your name here