രണ്ടാം പ്രളയം വന്ന് പോയപ്പോൾ കേരളത്തിന് ഒരു സമ്മാനം തന്നു, ആദ്യമെത്തിയപ്പോൾ തരാൻ മറന്നത് പലിശയും ചേർത്തങ്ങു തന്നു. കുറച്ചും കൂടി വ്യക്തമാക്കിയാൽ കോട്ടയത്തിനടുത്തുള്ള മലരിയ്ക്കൽ എന്ന സ്‌ഥലത്തു 5 ഏക്കർ വിസ്തൃതിയിൽ ഒരടിപൊളി ദൃശ്യ വിരുന്ന്, നിറയെ ആമ്പലുകളുമായി ഇളം ചുവപ്പു നിറത്തിലുള്ള പട്ട് വിരിച്ചതുപോലെ കണ്ണെത്താ ദൂരത്തോളം……
ടിക് ടോക്കിലൂടെയാണ് കേരളജനത ഇതിനെക്കുറിച്ചറിയുന്നത്. പിന്നെ പറയണോ പൂരം. അറിഞ്ഞോരും കേട്ടൊരും എന്ന് വേണ്ട കേരളത്തിലെ ജനസംഘ്യയുടെ കണക്കെടുക്കാൻ മലരിക്കലേക്കു ചെന്നാൽ മതി, ഇതായിരുന്നു അവസ്ഥ. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് ഇവയിലെല്ലാം നിറഞ്ഞു നിന്നു മലരിക്കൽ.
ആമ്പലുകൾ പറിച്ചും, വലിച്ചെറിഞ്ഞും, അതിൽ മുങ്ങിക്കുളിച്ചും അങ്ങനെ എങ്ങനെയെല്ലാം ഫോട്ടോ എടുക്കാമോ അതെല്ലാം വന്നവർ പരീക്ഷിച്ചു. പുട്ടുകുറ്റി പോലത്തെ ക്യാമെറയും വിറകുകൊള്ളി പോലത്തെ മോടൽസുമായ് വേറെ കുറച്ചുപേരും എത്തി..
ആഘോഷങ്ങൾ പൊടി പൊടിച്ചു.
കൊട്ടും കുരവയുമായി വന്നെത്തിയവർ അടുത്ത സ്‌ഥലം തേടി പോയി ഒപ്പം കുറേ ആമ്പലും കൊണ്ടുപോയി. ഒടുവിലാണ്ടെടാ ഉഴുതുമറിച്ച കണ്ടം പോലെ ആളും ആരവവും ഇല്ലാതെ കിടക്കുന്നു.
ഇപ്പോൾ മലരിക്കൽ വിശ്രമിക്കുകയാണ് കുറച്ചു നാൾ മാത്രം നീണ്ടുനിന്ന ആ വസന്തകാലത്തിന്റെ ഓർമകളുമായി