മകന്റെ മരണത്തിൽ അവയവമാഫിയ സംശയം ഉന്നയിച്ച് പിതാവ്

0
566

മൂന്ന് വർഷങ്ങൾക്ക് മുൻപേ മരിച്ച നജീബുദ്ദീൻ എന്ന വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് പിതാവ് ഉസ്മാൻ നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് വർഷങ്ങൾ എടുത്ത് ശേഖരിച്ച രേഖകളും, ചിത്രങ്ങളും തെളിവായി കാണിച്ചാണ് മകന്റെ മരണം അപകടമല്ല, കൊലപാതകാമെന്ന് പിതാവ് സമർത്ഥിക്കുന്നത്. ജോസഫ് എന്ന സിനിമ പ്രമേയമാക്കിയ അവയവ മാഫിയയുടെ ഇടപെടൽ ഇതിൽ ഉണ്ടെന്നുള്ള സംശയം ഉന്നയിച്ച് പിതാവ് മുഖ്യമന്ത്രിയ്ക്കും, പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പൊന്നാനി പെരുമ്പടപ്പിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ തൃശൂർ ചാവക്കാട് അവിയൂർ സ്വദേശികളായ നജീബുദ്ദീൻ (16), സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ് (16) എന്നിവർ മരിച്ചത്. 2016 നവംബർ 20ന് രാത്രി വന്നേരി സ്കൂൾ മൈതാനത്തു നടക്കുന്ന ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോഴാണ് സുഹൃത്തുക്കളായ വിദ്യാർഥികൾ അപകടത്തിൽപെടുന്നത്. അപകട സമയത്ത് ഇല്ലാതിരുന്ന മുറിവുകൾ മകന്റെ ശരീരത്തിൽ കണ്ടതോടെയാണ് പിതാവ് ഉസ്മാൻ കൊലപാതകമാണ് എന്ന ആരോപണം ഉന്നയിച്ചത്.

പിതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾ:

അപകടത്തിൽ പരുക്കേറ്റ നജീബുദ്ദീനിനെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന വിവരങ്ങൾ ഈ രണ്ട് ആശുപത്രികളിലും ഇല്ല. ആശുപത്രിയിലേക്കു കൊണ്ടുപോയവരെ സംബന്ധിച്ച് അപകടം നടന്ന ഇടത്തെ പ്രദേശവാസികൾക്കും അറിവില്ല. അപകടത്തിന് തൊട്ടുപിന്നാലെയെടുത്ത ചിത്രങ്ങളിൽ കുട്ടിയുടെ മുഖത്ത് മാത്രമാണ് കാര്യമായ മുറിവുണ്ടായിരുന്നത്. എന്നാൽ മരണശേഷമെടുത്ത ചിത്രത്തിൽ ശരീരമാസകലം ശസ്ത്രക്രിയ നടത്തിയത് പോലുള്ള മുറിവുകൾ കണ്ടു. പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. ഇൻക്വസ്റ്റ് സമയത്തെടുത്ത ചിത്രം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോൾ ചിത്രങ്ങൾ കാണാനില്ലെന്ന മറുപടിയാണ് പെരുമ്പടപ്പ് പോലീസിസ് നൽകിയത്.

മകന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനെ കുറിച്ചോ, പോസ്റ്റ്മോർട്ടം സംബന്ധിച്ചോ ‍രക്ഷിതാവായ തന്നെ അറിയിച്ചിരുന്നില്ല. തൃശൂർ ഗവ.മെഡിക്കൽ കോളജിലും, ചാവക്കാട് താലൂക്ക് ആശുപത്രിയിലും സൗകര്യം ഉണ്ടായിരിക്കെ പോസ്റ്റ്മോർട്ടം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മതിയെന്ന് പോലീസ് നിർബന്ധം പിടിച്ചു.

നജീബുദ്ദീൻറെ കൂടെ പരിക്കേറ്റ വാഹിദ് ആശുപത്രിയിലെത്തിക്കുന്നതിനു മുൻപേ മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നജീബുദ്ദീൻ മൂന്നാം ദിവസമാണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

തുടക്കം:

മകന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊരുത്തക്കേട് ശ്രദ്ധയിൽ പെട്ടതോടെയാണ് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഉസ്മാൻ ശ്രമിച്ചത്. അപകട സമയത്തും, മരണശേഷവും എടുത്ത ചിത്രങ്ങളും, വിവരാവകാശ രേഖകളിലൂടെ ശേഖരിച്ച വിവരങ്ങളും അടക്കമാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്.

കഴുത്തിലും വയറിന്റെ ഇരുവശങ്ങളിലും ഉൾപ്പെടെ നജീബുദ്ദീനിന്റെ ശരീരത്തിൽ എട്ടിടങ്ങളിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണു പിതാവിന്റെ ആരോപണ‌ം. മരിച്ച വാഹിദിന്റെ ഇരു കൈകളിലും കഴുത്തിലും കെട്ട് മുറുകിയ തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടായിരുന്നെന്നും ഉസ്മാൻ ആരോപിക്കുന്നുണ്ട്. ചികിത്സയുടെ ഒരു ഘട്ടത്തിലും ആരോഗ്യനില മോശമായതായി ഡോക്ടർമാർ പറഞ്ഞില്ല എന്നതും സംശയം ബലപ്പെടുത്തി.

പുനരന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരിൽ തനിക്കെതിരെ രണ്ടുതവണ വധ ശ്രമമുണ്ടായെന്നും, കേസിൽ നിന്നു പിൻമാറാൻ ഭീഷണിയുണ്ടെന്നും ഉസ്മാൻ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here