ഇളയദളപതി വിജയ്യുടെ ദീപാവലി റിലീസായ ബിഗിൽ നാളെ തന്നെ റിലീസ് ചെയ്യും. ചിത്രത്തിന് ഉണ്ടായിരുന്ന നിയമപരമായ തടസ്സങ്ങൾ നീങ്ങി. സിനിമയുടെ റിലീസ് നിർത്തി വയ്ക്കാണമെന്ന വാദം മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ മുന്നേ തീരുമാനിച്ച പ്രകാരം ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും.
സംവിധായകൻ അറ്റ്ലി തന്റെ പകർപ്പവകാശം ലംഘിച്ചുവെന്ന് ആരോപിച്ച്, ചിത്രത്തിന്റെ റിലീസ് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരക്കഥാകൃത്ത് അംജത്ത് മീരനാണ് കോടതിയെ സമീപിച്ചത്. സിവിൽ സ്യൂട്ട് ഫയൽ ചെയ്തതിനാൽ 10 ലക്ഷം രൂപ കോടതിയിൽ നിക്ഷേപിച്ച ശേഷം ചിത്രം റിലീസ് ചെയ്യാമെന്ന് അംജത്തിന്റെ അഭിഭാഷകൻ വാദിച്ചു. അടിയന്തര വാദം സ്വീകരിച്ച ജസ്റ്റിസ് എൻ സതീഷ് കുമാർ, വാദം കേൾക്കുന്നത് നവംബർ അഞ്ചിലേക്ക് മാറ്റി, ഇതോടെയാണ് ചിത്രത്തിന്റെ സുഗമമായ റിലീസിന് വഴിയൊരുങ്ങിയത്.
എഴുത്തുകാരനും, സംവിധായകനും, നിർമ്മാതാവുമാണെന്ന് അവകാശപ്പെടുന്ന അംജത്ത്, 2014 ൽ ‘ബ്രസീൽ’ എന്ന പേരിൽ ഒരു തിരക്കഥയെഴുതിയതായും, ഇത് 2015ൽ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയിൽ രജിസ്റ്റർ ചെയ്തതായും കോടതിയെ അറിയിച്ചു. തന്റെ ഈ സ്ക്രിപ്റ്റ് ബിഗിലിനോട് സാമ്യമുള്ളതാണെന്നും അവകാശപ്പെടാണ് കോടതിയെ സമീപിച്ചത്.
നേരത്തെ, ദക്ഷിണേന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷൻ അംഗം കെ.പി സെൽവയും അറ്റ്ലി തന്റെ തിരക്കഥ കൊള്ളയടിച്ചുവെന്ന് ആരോപിക്കുകയും, ചെന്നൈ നഗര കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
വിജയ് ഒന്നിലധികം വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ബിഗിൽ. നയൻതാര നായികയായി എത്തുന്ന സിനിമയിൽ ജാക്കി ഷറഫ്, കതിർ, വിവേക്, ഡാനിയൽ ബാലാജി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എ.ആർ റഹ്മാനാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ പൃഥ്വിരാജിന്റെ കമ്പനിയാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.