ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണ് രണ്ട് രോഗികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സീലിംഗ് താഴെ വീഴുമ്പോൾ രണ്ട് രോഗികളും ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്നു.
ഇതാദ്യമല്ല ഉസ്മാനിയ ഹോസ്പിറ്റലിൽ നിന്ന് ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വർഷങ്ങളായി സമാനമായ സംഭവങ്ങൾ ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നാലും ഇതിനായി അധികൃതർ ഒരു ചെറുവിരൽ അനാക്കിയിട്ടില്ല.
2018 സെപ്റ്റംബറിൽ, ആശുപത്രിയിലെ നിരവധി ജൂനിയർ ഡോക്ടർമാർ ഹെൽമെറ്റ് ധരിച്ച് വന്നത് വലിയ വാർത്താ ശ്രദ്ധ നേടിയിരുന്നു. നാലുമാസക്കാലം ഇതിന്റെ പേരിൽ പണിമുടക്കും ഉണ്ടായിട്ടുണ്ട്. 2018 ഓഗസ്റ്റിൽ, കോൺക്രീറ്റ് ബ്ലോക്ക് വീണതിനെ തുടർന്ന് ആശുപത്രിയിലെ രണ്ട് രോഗികൾക്ക് പരിക്കേറ്റ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. തകർന്നുകിടക്കുന്ന കെട്ടിടത്തെ കുറിച്ച് നിരവധി ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും ഒന്നും കാണാത്ത മട്ടിലാണ് അധികാരികൾ.