മഞ്ചേരിയിലെ ഒരു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് എത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കൈയ്യേറ്റ ശ്രമം! ബഹളത്തിനിടയ്ക്ക് ജനങ്ങളുടെ കൈ തട്ടി നൂറിന് മൂക്കിന് പരിക്കേറ്റു. ഒടുവിൽ വേദന സഹിച്ചാണ് നൂറിൻ ഉദ്ഘാടനത്തിന് തിങ്ങിക്കൂടിയ ജനങ്ങളോട് സംസാരിച്ചത്.
വൈകീട്ട് നാലു മണിക്ക് നടക്കേണ്ട ചടങ്ങ് കൂടുതൽ ആളുകൾ എത്താൻ വേണ്ടി സംഘാടകർ 6 മണിക്ക് ആക്കിയെന്നും, അവസാനം കാത്തിരിപ്പിന്റെ മുഷിപ്പും, ദേഷ്യവുമാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.
ഉത്ഘാടനത്തിന് എത്തിയ ഉടൻ നടിയെയും കൂട്ടരെയും വളഞ്ഞ ആൾക്കൂട്ടം അവർ വന്ന കാറിനെ മുഷ്ടി കൊണ്ട് ഇടിച്ച് കൊണ്ട് രോഷം പ്രകടിപ്പിക്കുകയും, ഇതിനിടെ ആൾക്കൂട്ടത്തിൽ ചിലരുടെ കൈ കൊണ്ട് നടിയുടെ മൂക്കിന് ഇടിയേൽക്കുകയും ചെയ്തു. അതിന്റെ ആഘാതത്തിൽ നടിയുടെ മൂക്കിന്റെ ഉൾവശത്ത് ചെറിയ ക്ഷതമുണ്ടായി.
രോഷാകുലരായ ജനക്കൂട്ടത്തോട് ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് വിതുമ്പിക്കൊണ്ടാണ് നൂറിൻ സംസാരിച്ചത്.
“കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരു ഇത്തിരി ഇഷ്ടമുണ്ടെങ്കിൽ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ, ഞാൻ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാൻ ഇരിക്കുന്നത്, എത്താൻ വൈകിയതിന് താനല്ല ഉത്തരവാദി” എന്നെല്ലാം പറഞ്ഞ് ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടർന്നത്. ഒന്നര മണിക്കൂറോളം നൂറിൻ അവിടെ ചിലവിട്ട ശേഷമാണ് മടങ്ങിയത്.