രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ട്രിച്ചി മണപ്പാറയിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ സുജിത്ത് മരിച്ചു. നാല് ദിവസത്തോളമായി സുജിത്ത് കിണറ്റിൽ വീണിട്ട്. ത്വരിതമായ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്. മൃതദേഹം കുഴൽക്കിണറിലൂടെ തന്നെ പുറത്തെടുത്തു.
രക്ഷപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്തതെന്നും നിർഭാഗ്യവശാൽ അതൊന്നും ഫലം കണ്ടില്ലെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് കളിക്കുന്നതിനിടയ്ക്ക് കുട്ടി കുഴൽ കിണറിൽ വീണത്. ആദ്യം 25 അടി മാത്രം താഴ്ചയിലായിരുന്നു എങ്കിലും രക്ഷാപ്രവർത്തനത്തിനിടെ 100 അടിയോളം താഴേക്ക് വീണു. കുഴൽക്കിണറിന് ഏകദേശം 600 അടിയോളം താഴ്ചയുണ്ട്.
സമാന്തരമായി ഒരു കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത് എന്നാൽ കുറുകേ വന്ന പാറയും, പ്രതികൂല കാലാവസ്ഥയും, യന്ത്ര തകരാറും കൂടി ആയതോടെ രക്ഷാപ്രവർത്തനം നീണ്ടുപോയി. സമയം വൈകുന്നതു ഒഴിവാക്കാൻ മൂന്നു ഇരട്ടി ശക്തിയുള്ള മറ്റൊരു മെഷിൻ എത്തിച്ചെങ്കിലും എല്ലാം വിഫലമാക്കി കുഞ്ഞ് മരണത്തിന് കീഴടങ്ങി.