ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിലും, ലക്ഷദ്വീപിലും അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ കാറ്റിനും, മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയത് കൊണ്ട് നവംബര്‍ ഒന്നോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍, മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തുകയും, മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മുൻകരുതലിന്റെ ഭാഗമായി അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ സർക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.