ആഗോളഭീകരനും ഐഎസ് തലവനുമായ അല്‍ ബാഗ്ദാദിയെ തീർത്ത കമാന്‍ഡോ ഓപ്പറേഷന് അമേരിക്ക നല്കിയ പേര് ‘ഓപ്പറേഷന് കെയ്ല മുള്ളര്‍’ എന്നായിയുന്നു. ഇതോടെ ആരാണ് കെയ്ല മുള്ളർ എന്നറിയാനായി ജനങ്ങളുടെ തിരച്ചിൽ.
ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയും സംഘവും തട്ടിക്കൊണ്ടു പോയി അതിക്രൂരമായി ലൈംഗിക പീഡിനത്തിന് ഇരയാക്കി കൊന്ന യുഎസ് യുവതിയാണ് കെയ്ല. അരിസോണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്നു കെയ്ല. 2013 ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ നിന്ന് സിറിയയിലെ അലെപ്പോയിലെ ആശുപത്രി സന്ദര്‍ശിക്കാനുള്ള യാത്രമധ്യേയാണ് കെയ്ലയെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ബാഗ്ദാദി അതിക്രൂരമായാണ് കെയ്ലയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന വിവരം കാലങ്ങൾക്ക് ശേഷമാണ് പുറംലോകം അറിഞ്ഞത്.
2015 ഫെബ്രുവരി മാസത്തിൽ തടവിലിരിക്കെ കെയ്ല കൊല്ലപ്പെട്ടു. ജോര്‍ദ്ദാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കെയ്ല കൊല്ലപ്പെട്ടതെന്നാണ് ഐഎസ് വാദിച്ചിരുന്നത്, കെയ്ലയുടെ മൃതദേഹം പോലും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
മരണശേഷം കുടുംബത്തിന് ലഭിച്ച കെയ്ലയുടെതെന്നു കരുതുന്ന ഒരു കത്തില്‍ ഇങ്ങനെ പറയുന്നു- ഇരുട്ടറയിലാണ്, കുറേ പേരുണ്ട്. വേദനയാണ്. നല്ലത് വരുമെന്ന് കരുതുന്നു. ഒരാളെങ്കിലും സ്വതന്ത്രയായാല്‍ നല്ലത്. ഞായറാഴ്ച കെയ്ലയുടെ പിതാവ് കാള്‍ മുള്ളര്‍ അരിസോണ റിപ്പബ്ലിക്കിനോട് പറഞ്ഞത് ഇങ്ങനെ- ‘ആ മനുഷ്യന് കെയ്ലയോട് എന്താണ് ചെയ്തത് അയാള്‍ അവളെ തട്ടിക്കൊണ്ടുപോയി, പല ജയിലുകളിലും പാര്‍പ്പിച്ചു, ഏകാന്തതടവിലാക്കി പീഡിപ്പിച്ചു. ഒടുവില്‍ ബാഗ്ദാദി തന്നെ ക്രൂരമായ ബലാത്സഗം ചെയ്തു കൊന്നു. ഈ ക്രൂരന്റെ അന്ത്യത്തോടെ മകള്‍ക്ക് നീതി ലഭിച്ചു എന്നു കരുതുന്നു.
കെയ്ലയ്ക്കു മാത്രമല്ല, ഐഎസ് ശിരച്ഛേദം ചെയ്ത എല്ലാ അമേരിക്കന്‍ പൗരന്മാര്ക്കും ബാഗ്ദാദിയുടെ മരണത്തിലൂടെ നീതി ലഭ്യമാക്കി എന്നായിരുന്നു അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്റെ വാക്കുകൾ.