പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
711

അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്തായി രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ ശക്തിയിൽ സംസ്ഥാനത്ത് മഴ ശക്തമായി. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മഴയിലും, ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം പ്രതീക്ഷിക്കുന്ന ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്ന് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ അഴിത്തലയില്‍ നിന്നും, വടകര ചെമ്പോലയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകളിൽ നിന്നും എട്ടുപേരെ കാണാതായിട്ടുണ്ട്.

തെക്കന്‍ ജില്ലകളില്‍ രണ്ട് ദിവസമായി പെയ്യുന്ന മഴ ഇന്നലെ രാത്രിയോടെ കൂടുതൽ ശക്തമായി. കനത്ത മഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത് നാഗര്‍കോവില്‍ – തിരുവനന്തപുരം റൂട്ടില്‍ പുലര്‍ച്ചെ മുതല്‍ ഇതുവഴിയുളള ഗതാഗതം തടസപ്പെട്ടു. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ്, മധുര-പുനലൂര്‍ പാസ്സഞ്ചര്‍ എന്നീ ട്രെയിനുകള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒന്നരമണിക്കൂറോളം വൈകി.

മഴ കനത്തതോടെ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തിയതിനാൽ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് ശേഷം ‘മഹാ’ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്ത് പ്രാപിച്ച്‌ മണിക്കൂറില്‍ 90 മുതല്‍ 140 കിമീ വരെ ശക്തിയുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കുകൂട്ടല്‍. ഇത് അടുത്ത 12 മണിക്കൂറില്‍, വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ മദ്ധ്യകിഴക്കന്‍ അറബിക്കടലിലേക്ക് പ്രവേശിക്കാന്‍ സാദ്ധ്യതയേറെയാണ് എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here