ഇടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന അൽഷിഫ ഹോസ്പിറ്റൽ ഉടമ ഷാജഹാൻ യൂസഫ് വ്യാജനെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സ്ഥിരീകരിച്ചു. ഷാജഹാൻ യൂസഫ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കൗൺസിൽ കണ്ടെത്തി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഷാജഹാനെതിരെ ആദ്യന്തര വിജിലസിന്റെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഷാജഹാൻ യൂസഫ് ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ ഹാജരാക്കിയത് ഒരു വനിതാ ഡോക്ടർക്ക് ലഭിച്ച സർട്ടിഫിക്കറ്റിന്റെ വ്യാജ പകർപ്പാണെന്ന് കൗൺസിൽ കണ്ടെത്തി. ഇയാളുടെ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും, ഇന്ത്യൻ മെഡിക്കൽ രജിസ്ട്രിയിൽ നിന്ന് നീക്കാനും തീരുമാനിച്ചു. ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ സ്വീകരിച്ച അച്ചടക്ക നടപടികൾക്കെതിരായി ഷാജഹാൻ സമർപ്പിച്ച അപ്പീലും കൗൺസിൽ തള്ളി.
ആലപ്പുഴ കലവൂർ സ്വദേശിയായ സ്ത്രീയാണ് ഷാജഹാൻ യൂസഫിനെതിരെ പരാതി നൽകിയിരുന്നത്. അർശസിന്റെ ചികിത്സയിലും, ശസ്ത്രക്രിയയിലും വമ്പൻ പിഴവുകൾ വരുത്തിയ ഷാജഹാനെതിരെ പരാതികൾ ലഭിച്ചിട്ടും എളമക്കര പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.