നായക കഥാപാത്രങ്ങൾ ഒരു ചിത്രത്തിലും കൈകാര്യം ചെയ്തിട്ടില്ലാത്ത, ചെറിയ വേഷങ്ങളിലൂടെ മാത്രം മലയാളികൾക്ക് സുപരിചിതനായ ഒരു നടനാണ് ബിനീഷ് ബാസ്റ്റിൻ. എങ്കിലും വിജയുടെ ‘തെറി’ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ കോളേജ് കുട്ടികളുടെ ഇടയിലെ മിന്നും താരമാണ് ബിനീഷ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള 200 ലധികം കോളേജുകളിലെ പരിപാടികളിൽ അതിഥിയായി അദ്ദേഹം പോയിട്ടുണ്ട്. അങ്ങനെ ക്ഷണം ലഭിച്ച് പാലക്കാട് ഗവണ്മെന്റ് കോളേജിൽ നടന്ന പൊതു പരിപാടിക്ക് അവിടെ എത്തിയതാണ് ബിനീഷ് ബാസ്റ്റിൻ. കോളേജ് യൂണിയൻ ചെയർമാൻ ആണ് ബിനീഷിനെ പരിപാടിക്ക് ക്ഷണിച്ചത്. ഉദ്ഘാടനത്തിനായി എത്തിയ ബിനീഷുമായി വേദി പങ്കിടാൻ മാഗസിൻ പ്രസാധനത്തിന് ക്ഷണിക്കപ്പെട്ട അനിൽ രാധാകൃഷ്ണ മേനോനു ബുദ്ധിമുട്ടേണ്ടെന്നുള്ള കാര്യം ഹോട്ടൽ മുറിയിലെത്തി യൂണിയൻ ഭാരവാഹികൾ ബിനീഷിനെ അറിയിച്ചു.
അനിൽ രാധാകൃഷ്ണ മേനോൻ പരിപാടിക്ക് എത്തിയപ്പോൾ ആണ് ബിനീഷും പങ്കെടുക്കുന്ന വിവരം അറിഞ്ഞതെന്നും, തന്റെ പിറകെ അവസരം ചോദിച്ചു നടന്ന ബിനീഷിനെ പോലെ സാധാരണക്കാരനായ ഒരു നടനോടൊപ്പം അദ്ദേഹത്തിന് വേദി പങ്കിടാൻ ബുദ്ധിമുട്ടുണ്ട് എന്നും പറഞ്ഞതായി ബിനീഷിനെ അറിയിച്ചു. തുടർന്ന് തന്നെ അവഹേളിച്ചത്തിലുള്ള പ്രതിഷേധവുമായി വേദിയിലേക്കെത്തിയ ബിനീഷ് അഥിതികൾക്കായുള്ള കസേരകൾ ഉപേക്ഷിച്ചു നിലത്തിരുന്നു.
പോലീസിനെ വിളിക്കും എന്ന് പറഞ്ഞു ഭീക്ഷണിപെടുത്താൻ നോക്കിയെങ്കിലും ബിനീഷ് വഴങ്ങിയില്ല. തുടർന്ന് സദസിൽ ഇരിക്കുന്നവരോടായി താൻ വലിയ നടനോ, ഉയർന്ന ജാതിക്കാരനോ, ഉന്നത വിദ്യാഭ്യാസമുള്ള ആളോ അല്ലെന്നും സാധാറാണ ടൈൽ പണിക്കാരനാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും അപമാനിക്കപ്പെട്ട ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം മനുഷ്യനെക്കുറിച്ചു ഒരു കവിതയും ചൊല്ലിയാണ് ബിനീഷ് വേദിവിട്ടത്.
വിദ്യാർഥികൾ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. മലയാള സിനിമയിൽ ഇപ്പോഴും ഉഛനീചത്വങ്ങൾ ഇപ്പോഴും തുടരുന്നുണ്ടോ എന്ന ചർച്ചയ്ക്കും സംഭവം വഴിമരുന്നിട്ടിരിക്കയാണ്.