ദീപാവലിക്ക് ശേഷം ഡൽഹിയിലും, പരിസര പ്രദേശങ്ങളിലും വായു മലിനീകരണത്തിന്റെ അളവ് വർദ്ധിച്ചതിന് പിന്നാലെ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഈ വർഷം ജനുവരിക്ക് ശേഷം ആദ്യമായാണ് മലിനീകരണത്തോത് ഈ വിധത്തിൽ കൂടുന്നത്. ഈ മാസം 5 വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും, ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും അതോറിറ്റിയിടെ വിലക്കുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലും, പരിസരപ്രദേശങ്ങളിലും മലിനീകരണത്തോത് Emergency ലെവലിലേക്ക് ഉയർന്നിരുന്നു.
തലസ്ഥാന നഗരം ഗ്യാസ് ചേമ്പർ പോലെ ആയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അഭിപ്രായപ്പെട്ടു. വായു മലിനീകരണത്തോത് ഉയർന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ എല്ലാ സ്കൂളുകൾക്കും നവംബർ അഞ്ചുവരെ മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.