പതിവില്ലാതെ ഒരഥിതിയെ കണ്ട കൗതുകത്തിലും, അത്ഭുതത്തിലുമായിരുന്നു സുകുമാരൻ. എത്തിയത് ചില്ലറക്കാരനല്ല, വംശനാശ ഭീഷണി നേരിടുന്ന നൈറ്റ് ഹെറോൺ വിഭാഗത്തിൽപെട്ട പക്ഷിയായിരുന്നു. കമ്പംമെട്ട് മൂങ്കിപ്പള്ളത്ത് സുകുമാരൻ എന്നയാളുടെ വീട്ടിലാണ് പക്ഷി അതിഥിയായി എത്തിയത്.
ഉടൻ വീട്ടുകാർ പൊലീസ് സഹായം തേടുകയും അവർ അറിയിച്ചതിനെ തുടർന്ന് വനവകുപ്പ് സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. ചൊവ്വ രാത്രിയാണ് പക്ഷി എത്തിയത്. പ്രത്യേക ശബ്ദം പുറപ്പെടുവിച്ച പക്ഷി വീട്ടിനുള്ളിലേക്കും കയറി. പുറത്തേക്കു പോകാതെ വന്നതോടെ വീട്ടുകാർ പാലും, ആഹാര സാധനങ്ങളും നൽകി. ഇതോടെ കക്ഷി വീട്ടിനുള്ളിൽ തന്നെ നിലയുറപ്പിച്ചു. ഒട്ടനവധി പ്രദേശവാസികളും അപൂർവ ഇനം പക്ഷിയെ കാണാൻ സുകുമാരന്റെ വീട്ടിലെത്തി.
പക്ഷിയുടെ തലയിലെ പൂവ് രാത്രി നീല നിറവും, പകൽ ചാര നിറവുമാകും. പക്ഷിയെ ഏറ്റുവാങ്ങിയ വനംവകുപ്പ് അതിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം കേരള തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട് വനത്തിൽ തുറന്നു വിട്ടു.