കേരളത്തിന്റെ സ്വന്തം ‘ഇലക്ട്രിക് ഓട്ടോ’ (ഇ-ഓട്ടോ) ‘നീം-ജി’യുടെ സർവ്വീസ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഫ്ളാഗോഫ് ചെയ്തു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് നെയ്യാറ്റിൻകരയിലെ പ്ലാന്റിൽ നിർമ്മാണം പൂർത്തിയാക്കിയതാണ് ഇ ഓട്ടോകൾ
വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവരുമായി എംഎൽഎ ക്വാർട്ടേഴ്സിൽ നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോയുടെ കന്നി യാത്ര.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ ചുവട് മാറ്റത്തിലേക്ക് കേരളത്തിന്റെ സംഭാവന കൂടിയാണ് ഇത്. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിർമാണത്തിന് അനുമതി നേടുന്നത്. ജൂണിൽ കേന്ദ്രാനുമതി ലഭിക്കുകയും, ജൂലൈയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ 15 വണ്ടികളാകും നിരത്തിലിറക്കുന്നത്. ഈ മാസം അത് 150 എണ്ണമായി ഉയർത്താനാകും എന്നാണ് കെ.എ.എൽ. കണക്കുകൂട്ടുന്നത്. 2.8 ലക്ഷം രൂപ വിലയുടെ ഏകദേശം 30000 രൂപ സർക്കാർ സബ്സിഡിയായി നൽകും.
ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ സുഗമമായി ഒടുമെന്നായിരുന്നു അനുമാനം എന്നാൽ, പരീക്ഷണഘട്ടത്തിൽ ഒറ്റത്തവണ ചാർജിങ്ങിൽ 120 കിലോമീറ്റർ ദൂരം വരെ രേഖപ്പെടുത്തിയിട്ടുണ്ട്. 480 കിലോ ഭാരവുമായി പൊൻമുടിയിലെ 22 ഹെയർപിന്നുകൾ താണ്ടി ഹിൽടോപ്പിലെത്താൻ വാഹനത്തിന് സാധിച്ചതായും ഇത്തരത്തിൽ ഹിൽ ടോപ്പിലേക്ക് കയറുന്ന ആദ്യ ഇലക്ട്രിക് വാഹനം ‘നീം-ജി’ ആണെന്നും കെ.എ.എൽ. ജൂനിയർ എൻജിനീയർ വി. വിജയ പ്രദീപ് പറഞ്ഞു.
60 വാട്ട് ‘ലിഥിയം അയൺ’ ബാറ്ററി, മൂന്ന് മണിക്കൂർ 45 മിനിറ്റ് കൊണ്ട് പൂർണമായും ചാർജ് ചെയ്യാനാകുമെന്നും, ബാറ്ററി ഇൻ-ബിൽട്ട് അല്ലാത്തതിനാൽ മൊബൈൽഫോൺ ചാർജ് ചെയ്യുംപോലെ വീട്ടിലെ പ്ലഗിൽ തന്നെ ചാർജ് ചെയ്യാനാകുമെന്നും കമ്പനി പറയുന്നു.
അന്തരീക്ഷ മലിനീകരണം ഇല്ലാതാകും എന്നതിന് പുറമേ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 50 പൈസയേ ചിലവ് വരുന്നുള്ളൂ എന്നതും ആകർഷകമായ കാര്യമാണ്. കൂടാതെ വാഹനത്തിന് നോയ്സ് പൊല്യൂഷനും ഇല്ല.