ജീവനക്കാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട മക്ഡൊണാള്‍ഡ് സിഇഒയുടെ ജോലി നഷ്ടപ്പെട്ടു. ആഗോള ഭക്ഷണ വ്യാപാര ശൃംഖലയായ മക്ഡൊണാള്‍ഡിന്റെ സിഇഒ സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിനാണ് ജീവനക്കാരിയുമായുള്ള ബന്ധം വിനയായത്. കമ്പനിയുടെ മൂല്യങ്ങള്‍ ലംഘിച്ചുവെന്ന കുറ്റമാണ് സ്റ്റീവിനെ പുറത്താക്കാനുള്ള കാരണമായി കമ്പനി പറയുന്നത്.
പല വിധത്തിലുള്ള രുചി വൈഭവങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ സ്റ്റീവിന്റെ പങ്ക് വലുതായിരുന്നു. മാത്രവുമല്ല ഇദ്ദേഹത്തിന്റെ കീഴിൽ ഇരട്ടി വിപണി മൂല്യമാണ് കമ്പനി കൈവരിച്ചിരിക്കുന്നതും. 1993ല്‍ മാനേജര്‍ പദവിയിൽ മക്ഡൊണാള്‍ഡ്സില്‍ ജോലിക്കെത്തുകയും, 2011ല്‍ കമ്പനി ഉപേക്ഷിക്കുകയും പിന്നീട് 2013ൽ തിരികെയെത്തുകയും, 2015 ൽ മക്ഡൊണാള്‍ഡ്സിന്റെ സിഇഒ പദവിയിലേക്ക് എത്തിയ വ്യക്തിയാണ് സ്റ്റീവ്.
സ്റ്റീവിനെ പുറത്താക്കാനുള്ള നിര്‍ദേശത്തില്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുത്തതോടെ, മക്ഡൊണാള്‍ഡ്സിന്റെ ബോര്‍ഡ് അംഗത്വവും സ്റ്റീവിന് നഷ്ടമായി. കീഴ്ജീവനക്കാരുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ പാടില്ലെന്നുള്ള കര്‍ശന നിബന്ധനയാണ് സ്റ്റീവ് ലംഘിച്ചതെന്ന് ബോര്‍ഡ് വിലയിരുത്തി. മക്ഡൊണാള്‍ഡ്സ് യുഎസ്എ മേധാവി കെംപ്സിന്സ്കിയാവും സ്റ്റീവിന് പകരമെത്തുക. തീരുമാനം അംഗീകരിക്കുന്നു എന്ന് സ്റ്റീവ് മെയിലിലൂടെ പ്രതികരിച്ചു.