ശബരിമലയിൽ വൻ തോതിലുള്ള വരുമാനനഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം ശബരിമലയിലെ വരുമാന നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. വരും മാസങ്ങളിൽ ജിവനക്കാര്‍ക്ക് ശമ്പളവും,പെൻഷനും ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ പോലും പണം തികയാത്ത സാഹചര്യമുണ്ടെന്നും ദേവസ്വം മന്ത്രി നിയമസഭയെ അറിയിച്ചു.കാണിക്ക ചലഞ്ച് പോലുള്ള കുപ്രചാരണങ്ങളിൽ വീഴരുതെന്നും, ഒരു രൂപ പോലും സർക്കാർ കൈപറ്റുന്നില്ല എന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ മുപ്പത് കോടി രൂപ കൈമാറിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ സഭയെ അറിയിച്ചു.ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ അംഗീരിക്കലില്ല എന്ന് തുറന്ന് പറയാനുള്ള ആർജ്ജവം പ്രതിപക്ഷത്തിന് ഉണ്ടോ എന്നും മന്ത്രി വെല്ലുവിളിച്ചു.