ഹൈദരാബാദിൽ വനിതാ തഹസില്‍ദാരെ ഓഫീസിലിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. തഹസില്‍ദാറിന്റെ ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ അക്രമി തീ കൊളുത്തുകയായിരുന്നു. മാരകമായി പൊള്ളലേറ്റ മുപ്പത്തിയഞ്ച് വയസ്സുള്ള വിജയ റെഡ്ഢിയെന്ന തഹസിൽദാർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. രക്ഷിക്കാൻ ശ്രമിച്ച ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്കും പൊള്ളൽ ഏറ്റിട്ടുണ്ട്.സംഭവം നടന്നത് ഉച്ച സമയം ആയതിനാൽ തന്നെ ഓഫീസിൽ ആളുകൾ കുറവായിരുന്നു. തഹസിൽദാരുമായി അര മണിക്കൂറോളം നേരം സംസാരിച്ച ശേഷമാണ് കൈയ്യിൽ കരുതിയ കുപ്പിയിൽ നിന്ന് മണ്ണെണ്ണ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തിയത്. തഹസില്‍ദാരുടെ കരച്ചില് കേട്ട് ഓഫീസിൽ ഉള്ളവർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് എന്നാണ് പ്രതിയുടെ പേരെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.