ഭാവിയിൽ ഐഫോണ്‍ ഉപയോഗം മാസവരി എന്ന മോഡലിലേക്ക് മാറുമെന്ന സൂചന നൽകി ആപ്പിൾ മേധാവി കുക്ക്. ഇതുവരെ ഹാര്ഡ്വെയര് ഒരു സേവനമാക്കി നൽകാത്ത കമ്പനി അത്തരം സാധ്യതയുടെ സൂചന നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
സബ്സ്ക്രിപ്ഷൻ രീതിയിൽ വില്ക്കുമോ എന്ന ചോദ്യം തള്ളികളയാതെ, ഭാവിയിൽ അതും വന്നേക്കാം എന്ന സൂചനയാണ് നൽകിയത്. ഐഫോണ്‍, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി, ഐക്ലൗഡ് തുടങ്ങിയവ ഒരു ബണ്ടിലാക്കി മാസവരിക്ക് നൽകുക എന്ന പദ്ധതി ‘ആപ്പിള്‍ പ്രൈം’ എന്ന പേരില്‍ കമ്പനി മുൻപേ തുടങ്ങാനിരുന്നതാണെന്നും സൂചനകളുണ്ട്.
ഫോണ്‍ വിറ്റ്, ഒറ്റയടിക്ക് കാശ് സമ്പാദിക്കുന്നതിന് പകരം മാസാമാസമുള്ള സബ്സ്ക്രിപ്ഷനിലൂടെ പൈസ സമ്പാദിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഫോണുകളുടെ വില്പനയിലെ മാന്ദ്യവും ആപ്പിളിനെ ഈ വഴിയില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്കും ഇത്തരം നീക്കമായിരിക്കും കൂടുതല്‍ സ്വീകാര്യമെന്നും റിപ്പോര്‍ട്ടുകള്‍ സൂചുപ്പിക്കുന്നു. ഇതിന്റെ പ്രാരംഭ നടപടിക്രമങ്ങളിലേക്ക് കമ്പനി കടന്നതായും റിപ്പോർട്ടുകളുണ്ട്. ഐഫോണ്‍ അപ്ഗ്രേഡ് പ്രോഗ്രാം അതിന്റെ മുന്നോടിയായി വായിച്ചെടുക്കുന്നവരുമുണ്ട്.
അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ പല ഉപയോക്താക്കൾക്കും ഈ നീക്കം സ്വാഗതാര്‍ഹമാകും. എന്നാല്‍, മാസം പണം നല്‍കുക എന്ന രീതിയോട് വിമുഖത കാണിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ഈ നീക്കം തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ഓരോ രാജ്യങ്ങളിലും വ്യത്യസ്ത തന്ത്രമായിരിക്കും കമ്പനി ഉപയോഗിക്കുക.