യുഎഇയിൽ ലൈസൻസ് ഇല്ലാത്ത പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യൻ വിദ്യാർത്ഥി ഓടിച്ച കാർ ഇടിച്ച് അമ്മ മരിച്ചു. വെള്ളിയാഴ്ച മുവൈലിൽ വച്ചാണ് ദാരുണ സംഭവം നടന്നത്.
രാവിലെ 8.58നാണ് അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സ്, ട്രാഫിക്, പട്രോള്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഫോര്‍ വീല്‍ ഡ്രൈവ് വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്സിലറേറ്റര്‍ ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. പാർക്കിൽ ഇരിക്കുകയായിരുന്ന അമ്മയുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ളവരാണ് ഇവർ. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിക്ക് ഈ മാസം 18 വയസ്സ് തികയും. ലൈസൻസ് നേടുന്നതിനുള്ള പരിശീലനവും കുട്ടി നടത്തുന്നുണ്ടായിരുന്നു എന്ന് സുഹൃത്തുക്കൾ അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥിയെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.