ചെപ്പടി വിദ്യ എന്ന സിനിമയിലെ അടുക്കള അച്ചു എന്ന ജഗതിയുടെ കള്ളൻ കഥാപാത്രത്തെ ഓർമ്മയുണ്ടോ? മോഷ്ടിക്കാൻ കയറുന്ന വീടുകളിൽ ആഹാരം പാചകം ചെയ്ത് കഴിക്കുന്ന വ്യത്യസ്ത സ്വഭാവമുള്ള കള്ളനെ? ഇപ്പോഴിതാ സമാനമായ സ്വഭാവം പുലർത്തിയ കള്ളനെ കയ്യോടെ പൊക്കിയിരിക്കുകയാണ് പോലീസ്.
പത്തനംതിട്ട ജില്ലയിലെ ഇലന്തൂരുള്ള ഒരു ഹോട്ടലില്‍ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ചതാണ് മോഷ്ടാവിന് എട്ടിന്റെ പണിയായത്. മുട്ടത്തോടില്‍ പതിഞ്ഞ വിരലടയാളം കുടുക്കിയതോ വൻ മോഷ്ടാവിനേയും. ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടില്‍ നിന്ന് വിരലടയാളം പരിശോധന ചെന്നെത്തിയത് തൃശൂര്‍ സ്വദേശി കെ.കെ ഫക്രുദ്ദീനിലക്കാണ്. മുട്ടത്തോടിൽ നിന്നും മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവ്വ നേട്ടമായി പോലീസിന്.
പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും മാത്രം കേന്ദ്രീകരിച്ച് പതിവായി മോഷണം നടത്തുന്ന ഫക്രുദ്ദീന്‍ ഇതുവരെ മുപ്പതോളം കേസുകളിലെ പ്രതിയാണ്.
മോഷ്ടിക്കുന്ന പണമാകട്ടെ ഇയാൾ മദ്യപിക്കാനും, ധൂർത്തിനുമാണ് ചെലവഴിക്കുന്നത്. ആളെ തിരിച്ചറിഞ്ഞ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു