മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും, താഹായ്ക്കും മേല്‍ കുരുക്ക് മുറുകുന്നു. പ്രതികൾക്ക് ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായും ബന്ധമുണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെ അതാത് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനയും സമാന്തര അന്വേഷണം ആരംഭിച്ചു.അലനും, താഹയും നിരവധി തവണ അയൽ സംസ്ഥാനങ്ങളിലേക്ക് യാത്രകള്‍ നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മാവോയിസ്റ്റ് ബന്ധത്തെപ്പറ്റി അന്വേഷിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തും. കേരള പോലീസ് ഇതുവരെ ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുമെന്നും, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ തങ്ങളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നും ഇവര്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അറസ്റ്റിലായ അലന് ആറ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായും, ഇതിൽ നിന്നും ഒരു ഫോണ്‍ മാത്രമാണ് പോലീസിന്റെ പക്കലുള്ളത് എന്നുമാണ് റിപ്പോർട്ടുകൾ. മറ്റു ഫോണുകള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. ഫോൺ അന്വേഷണത്തോടൊപ്പം അലനും, താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.