പാകിസ്ഥാൻ വ്യോമസേനയുടെ കറാച്ചിയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ട ശേഷം വിട്ടയക്കപ്പെട്ട ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ പ്രതിമ പ്രദർശനത്തിന് വച്ചത് വാർത്തയായി. പാകിസ്ഥാനിൽ നിന്നുള്ള മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് അഭിനന്ദന്റെ പ്രതിമയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.”പാകിസ്ഥാൻ എയർഫോഴ്സ് അഭിനന്ദൻ വർദ്ധമാന്റെ പ്രതിമ പ്രദർശനത്തിനു വച്ചിരിക്കുകയാണ്. കയ്യിലൊരു ചായക്കപ്പ് കൂടി വച്ചു കൊടുത്തിരുന്നെങ്കിൽ കൂടുതൽ നന്നായേനെ”, എന്ന അടിക്കുറിപ്പോടെയായിരുന്നു ലോധി ചിത്രം പങ്കുവച്ചത്.അഭിനന്ദന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള ചില്ല് കൂട്ടിൽ ഒരു പാക് സൈനികന്റെ പ്രതിമയും, പിടിക്കപ്പെടുമ്പോൾ അഭിനന്ദൻ ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു ചായ കപ്പും വച്ചിട്ടുണ്ട്.ഈ വർഷം ഫെബ്രുവരിയിൽ കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാക് മണ്ണിൽ നാശം വിതച്ചിരുന്നു. ഇതിന് മറുപടിയെന്നോണം പാക് വ്യോമസേന ജമ്മു കശ്മീരിലെ ഇന്ത്യൻ സൈനിക ക്യാമ്പുകൾ ആക്രമിക്കാനെത്തിയെങ്കിലും ഇക്കാര്യം മണത്തറിഞ്ഞ ഇന്ത്യൻ വ്യോമസേന ഫെബ്രുവരി 27ന് രാവിലെ തിരിച്ചടിച്ചിരുന്നു. രൂക്ഷമായ ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യൻ എയര്‍ഫോഴ്സിന്റെ മിഗ് 21 ബൈസൺ ജെറ്റ് തകര്‍ന്ന് അഭിനന്ദൻ പാകിസ്ഥാന്റെ മണ്ണിൽ പാരച്യൂട്ടിൽ ഇറങ്ങിയത്. ഇതോടെ ബന്ധിയാക്കപ്പെട്ട അഭിനന്ദിനെ പാകിസ്ഥാൻ കുറച്ച് ദിവസങ്ങൾക്ക് ശേഷം വിട്ടയച്ചിരുന്നു.
Image courtesy : Twitter AnwarLodhi