രാജ്യത്തെ തന്നെ ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ്സ് എക്സ്പ്രസ് വരുമാനത്തിന്റെ കാര്യത്തിൽ ആദ്യ മാസം തന്നെ സ്വന്തമാക്കിയത് സ്വപ്നതുല്യമായ നേട്ടം. ഒരു മാസത്തെ കണക്കുകൾ പുറത്ത് വരുമ്പോൾ നേട്ടം ഒന്നും രണ്ടുമല്ല 70 ലക്ഷം രൂപയാണ്. നഷ്ടത്തിന്റെ കണക്കുകൾ റെയിൽവേ പറയുമ്പോഴാണ് ഇതെന്ന് ചേർത്ത് വായിക്കണം.ഒരു മാസക്കാലയളവിൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം വരുമാനമായി നേടിയത് 3.70 കോടി രൂപ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷന്റെ കീഴിലുള്ള ലക്നൗ മുതൽ ഡൽഹി വരെ പോകുന്ന തേജസ് എക്സ്പ്രസ്സാണ് ഓടിത്തുടങ്ങിയ ആദ്യ മാസത്തിൽതന്നെ മികച്ച നേട്ടം ഉണ്ടാക്കിയത്.
ഒക്ടോബർ അഞ്ചാം തിയ്യതി മുതൽക്കാണ് തേജസ് ഓട്ടം തുടങ്ങിയത്. അതേ മാസം 28 വരെയുള്ള കണക്കുകൾ അനുസരിച്ച് മൂന്ന് കോടിയാണ് ചിലവ്. ആഴ്ചയിൽ 6 ദിവസമാണ് ട്രെയിൻ സർവ്വീസുള്ളത്. അതായത് ഓരോ ദിവസവും ചിലവ് 14 ലക്ഷം രൂപ. ടിക്കറ്റ് ഇനത്തിൽ പ്രതിദിന വരുമാകട്ടെ ചിലവിനേക്കാൾ 3.50 ലക്ഷം അധികം രൂപ.