
ഹിന്ദു കുടുംബത്തിലെ കല്ല്യാണത്തിനായി നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി മാതൃകയായി. കോഴിക്കോട് പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിക്കമ്മിറ്റിയാണ് പള്ളിയുടെ തൊട്ടടുത്തുള്ള വീട്ടിലെ വിവാഹ ചടങ്ങുകൾക്ക് തടസ്സമാകാതിരിക്കാൻ നബിദിനാഘോഷം തന്നെ മാറ്റിവെച്ചത്. വർഷാവർഷം അതിഗംഭീരമായി നടത്താറുള്ള നബിദിന ആഘോഷം ഒരാഴ്ചത്തേക്ക് മാറ്റി വച്ചിരിക്കുകയാണ് പേരാമ്പ്ര പാലേരിയിലെ ഈ പള്ളിക്കമ്മിറ്റി.പള്ളിക്ക് തൊട്ടടുത്ത് താമസിക്കുന്ന കുടുംബത്തിലെ പെണ്കുട്ടിയുടെ വിവാഹത്തിന് വേണ്ടിയാണ് ഇതിനോടകം ഒരുപാട് ആളുകൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് അനുമോദിച്ച ഈ തീരുമാനം. പള്ളിയോട് ചേർന്നുള്ള കെളച്ചപറമ്പിൽ നാരായണൻ നമ്പ്യാരുടേയും അനിതയുടേയും മകൾ പ്രത്യുഷയുടേയും, കന്നാട്ടി സ്വദേശി ബിനുരാജിന്‍റേയും വിവാഹ ആഘോഷങ്ങൾക്ക് നബിദിന ആഘോഷങ്ങൾ തടസ്സമാകാതിരിക്കാനാണ് മഹല്ല് കമ്മിറ്റി അത് മാറ്റിവച്ചത്. വിവാഹ ചടങ്ങുകൾക്ക് തടസ്സമാകാതിരിക്കാൻ ഇതുപോലൊരു തീരുമാനം കമ്മറ്റി കൈകൊണ്ടതിൽ ഒരുപാട് സന്തോഷത്തിലാണ് ഈ വീട്ടുകാർ.അങ്ങോട്ട് ആവശ്യപ്പെടാതെ, എല്ലാം കണ്ടറിഞ്ഞായിരുന്നു മഹല്ല് കമ്മിറ്റിയുടെ തീരുമാനം. ആഘോഷ പരിപാടികൾ മാറ്റിവച്ചു എന്നത് മാത്രമല്ല, വിവാഹ വീട്ടിലേക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും മഹല്ല് കമ്മിറ്റിയിലെ അംഗങ്ങൾ എത്തി. നബിദിന ആഘോഷങ്ങൾ അടുത്ത ആഴ്ച കേമമായി നടത്താനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.