മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് സിപിഎമ്മും. ലോക്കൽ കമ്മിറ്റികളിൽ പാർട്ടി ഇക്കാര്യം റിപ്പോർട്ടു ചെയ്യുകയും ചെയ്തു. ഇരുവരുടേയും മാവോയിസ്റ്റ് ചായ്‌വ് അറിയാൻ കഴിയാതെ പോയത് സ്വയം വിമർശനമായി എടുക്കേണ്ടതാണ് എന്നും, ആത്മപരിശോധന ആവശ്യമാണെന്നും സിപിഎം റിപ്പോർട്ടിൽ പറയുന്നുണ്ട്.യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം സംസ്ഥാനവും കടന്ന് രാജപ്യാപക ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ലോക്കൽകമ്മിറ്റി യോഗങ്ങൾ കൂടുകയും ചെയ്തു പാർട്ടി. അറസ്റ്റിലായ അലൻ ഉൾപ്പെടുന്നത് മീഞ്ചന്ത ബ്രാഞ്ച് ഉൾപ്പെടുന്ന പന്നിയങ്കര ലോക്കൽ കമ്മറ്റിയിലാണ്. ഈ ലോക്കൽ കമ്മറ്റി യോഗത്തിലാണ് രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് റിപ്പോർട്ട് ശരിവയ്ക്കുന്ന അഭിപ്രായം സിപിഎമ്മിനുളിൽ നിന്ന് തന്നെ ഉണ്ടായിരിക്കുന്നത്.ഇരുവരേയും തെറ്റുകൾ തിരുത്തി തിരിച്ചുവരാൻ അവസരം ഒരുക്കണമെന്നുള്ള അഭിപ്രായവും പാർട്ടി യോഗത്തിൽ നിന്ന് ഉയർന്നു. അതേസമയം നാളെയാണ് അലന്റെയും, താഹായുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കേ, ശക്തമായി എതിർക്കുമെന്ന സൂചനയാണ് പ്രോസിക്യൂഷൻ നൽകുന്നത്. ഡിജിറ്റൽ തെളിവുകളും ഇതിനായി ഹാജരാക്കും. നിരവധി മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് അന്യസംസ്ഥാന അന്വേഷണ ഏജൻസികളും ഈ വിഷയത്തിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്.