മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. വിഷം ഉള്ളിൽ ചെന്ന് യുവാവിന്റെ കാമുകിയും ആശുപത്രിയിലാണ്. പുതുപ്പറമ്പ് ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്.
ഷാഹിറും ഒരു യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ സംഘം ചേർന്ന് നബിദിനത്തിന്റെ അന്ന് ഷാഹിറിനെ മർദ്ദിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കൾ ആരോപിച്ചു. ഷാഹിറിന്റെ അനുജൻ ഷിബിൽ നൽകിയ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നബിദിനമായിരുന്ന ഞായറാഴ്ച ഷാഹിറും സഹോദരനും, സുഹൃത്തും പുതുപ്പറമ്പ് മൈതാനത്ത് പരിപാടികൾ കാണുന്നതിനായി എത്തിയിരുന്നു. ഇതിനിടയിൽ ഷാഹിറിന് ഒരു കോള്‍ വരികയും പിന്നാലെ അവിടെത്തിയ സംഘം ഷാഹിറിനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് വീട്ടുകാർ നോക്കി നിൽക്കെ വിഷം എടുത്ത് കുടിച്ചു എന്നാണ് ബന്ധു പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ ഷാഹിർ മരണത്തിന് കീഴടങ്ങി.