ഇന്ത്യയിൽ ആദ്യമായി സിഗ്നൽ മത്സ്യത്തെ കേരളത്തിൽ കണ്ടെത്തി. ഇന്ത്യയിൽ മാത്രം ഇതുവരെ 2450ൽ പരം സമുദ്ര മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, കേരള തീരത്ത് നിന്ന് ഒരു സിഗ്നൽ മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ഇതാദ്യമാണ്. സമുദ്ര ജൈവവൈവിധ്യ സർവ്വേയിൽ 70 മീറ്റർ താഴ്ചയിൽ, ട്രോളറുകളാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്.
ഇന്ത്യയിൽ കണ്ടെത്തിയതിനാൽ ‘Pteropsaron indicum’ എന്ന ശാസ്ത്രീയ നാമമാണ് ഈ മത്സ്യത്തിന് നൽകിയിരിക്കുന്നത്. കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം പ്രൊഫസറായ എ. ബിജുകുമാർ, ഓഷ്യൻ സയൻസ് ഫൗണ്ടേഷന്റെ ബെൻ വിക്ടർ എന്നിവരാണ് ഇത് കണ്ടെത്തിയത്. ന്യൂയോർക്ക് ടൈംസിലെ ഓഷ്യൻ സയൻസ് ഫൗണ്ടേഷൻ ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിൽ കണ്ടെത്തിയ ഈ സിഗ്നൽ മത്സ്യം ലോകത്തിലെ ഏറ്റവും വലിയ ഇനം സിഗ്നൽ മത്സ്യമാണ്. ശരീരത്തിന്റെ വശങ്ങളിൽ തിളങ്ങുന്ന കട്ടിയുള്ള മഞ്ഞ വരകളുള്ള ഇവയ്ക്ക് തലയുടെ വശങ്ങളിൽ ചെറിയ മഞ്ഞ അടയാളങ്ങളുമുണ്ട്. വാസ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിന്റെയും ഇണയെ ആകർഷിക്കുന്നതിന്റെയും അടയാളമായി ഇവ നീളമുള്ള ചിറകുകൾ പരത്തും. ഈ സവിശേഷതകൾ മൂലമാണ് അവയെ സിഗ്നൽ ഫിഷ് എന്ന് വിളിക്കുന്നത്. സിടി സ്കാൻ നടത്തി അവരുടെ അസ്ഥികൂട വ്യവസ്ഥയുടെ വിശദാംശങ്ങൾ പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പവിഴപ്പുറ്റുകളിൽ കാണപ്പെടുന്ന സിഗ്നൽ മത്സ്യത്തിന്റെ സാന്നിധ്യം കേരള തീരത്ത് പവിഴപ്പുറ്റുകൾ ഉണ്ടാകാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നതെന്ന് പ്രൊഫസർ ബിജുകുമാർ പറഞ്ഞു.