ശാരീരിക വൈകല്യങ്ങൾക്ക് നേരെ നിവർന്ന് നിൽക്കാൻ സഹായിക്കുന്ന ഒരു കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ചെന്നൈ ഐഐടിയിലെ വിദ്യാർത്ഥികൾ. എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ കഴിയാതെ ജീവിതകാലം മുഴുവന്‍ വീൽചെയറിൽ കഴിയേണ്ടി വരുന്നവർക്ക് വലിയ ആശ്വാസമാകും ഈ കണ്ടുപിടുത്തം എന്നതിൽ സംശയമില്ല.സാധാരണ വീല്‍ചെയറില്‍ ദീർഘനേരം ചിലവിടുന്നത് രോഗികൾക്ക് ഒട്ടേറെ ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് പുതിയ വീൽചെയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വന്തമായി ഓപ്പറേറ്റ് ചെയ്യാവുന്ന വീൽചെയറുകൾ മുൻപേ വിപണിയിൽ ഉണ്ടെങ്കിലും, സ്വന്തമായി നിവർന്ന് നിൽക്കാൻ സഹായിക്കുന്ന ഒന്ന് ഇതാദ്യമാണ്.ചെന്നൈ ഐഐടിയിലെ ടിടികെ സെൻറർ ഫോർ റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് ഡിവൈസ് ഡവലപ്മെന്റാണ് ‘എറൈസ്’ എന്നു പേരിട്ടിരിക്കുന്ന ഈ സ്റ്റാൻഡിങ്ങ് വീൽചെയർ രൂപകൽപന ചെയ്തിരിക്കുന്നത്. ഫീനിക്സ് മെഡിക്കൽ സിസ്റ്റംസുമായി സഹകരിച്ച് യുകെ അധിഷ്ഠിത വെൽകം ട്രസ്റ്റിന്റെ പിന്തുണയോടെയാണ് സ്റ്റാൻഡിങ് വീൽചെയർ നിർമ്മിച്ചിരുന്നത് ഇതിന്റെ വിലയോ 15,000 രൂപയും.വീൽചെയറിൽ ഉള്ളവർക്ക് അനായാസം എഴുന്നേറ്റ് നിൽക്കാനും, തിരികെ പഴയ സ്ഥിതിയിലേക്ക് പോകാനും സഹായിക്കുന്നതാണ് വീൽചെയറിന്റെ രൂപകൽപ്പന, മാത്രവുമല്ല അത്ര നിരപ്പല്ലാത്ത പ്രതലത്തിലും ഇത് അനായാസമായി കൈകാര്യം ചെയ്യാൻ കഴിയും.കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ടാണ് വീല്‍ചെയറിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഐഐടിയുമായി ചേര്‍ന്ന് വീല്‍ചെയറുകള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.