വലിയ കാൽപാടുകൾ’ ഹിമയുഗത്തിലേക്കുള്ള വാതിലാകും

0
588

ശിലായുഗത്തിലേത് പോലെ ഹിമയുഗത്തിലെ ജീവിതത്തെ കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കാൻ സഹായിക്കുമെന്ന് കരുതുന്ന വലുപ്പമേറിയ കാൽപ്പാടുകൾ കണ്ടെത്തി. യുഎസിലെ ഷിഹുവാഹുവാൻ മരുഭൂമിയ്ക്ക് സമീപത്തുള്ള വൈറ്റ് സാൻഡ്സ് നാഷണൽ മോണ്യുമെന്റ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന പര്യവേക്ഷണങ്ങൾക്കിടയിലാണ് സുപ്രധാനമായേക്കാവുന്ന ഈ കണ്ടെത്തൽ.

ഭൂമിക്കടിയിലെ വസ്തുക്കളേയും, വസ്തുതകളെയും കുറിച്ചുള്ള പര്യവേഷണത്തിന് ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ(GPR) ഉപയോഗിച്ച് യുഎസിലെ കോർണൽ യൂണിവേഴ്സിറ്റി പഠനം നടത്തുന്നതിനിടെയാണ് മഞ്ഞു ഫലകങ്ങൾക്കിടയിൽ നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ സൂക്ഷ്മജീവാവശിഷ്ടങ്ങൾ അടിഞ്ഞു കൂടിയ കാൽപ്പാടുകൾ കണ്ടെത്തിയത്.

ഹിമയുഗത്തിന്റെ അവസാന നാളുകളിലേത് എന്ന് അനുമാനിക്കുന്ന ഇത് പ്ലേയ്സ്റ്റോസിൻ (Pleistocene) കാലഘട്ടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സഹായകമാവുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ആ യുഗത്തിലെ ജീവജാലങ്ങളുടെ സാഹചര്യങ്ങളെ കുറിച്ചും, പെരുമാറ്റ രീതികളെ കുറിച്ചുമുള്ള കൂടുതൽ പഠനങ്ങൾക്ക് ഇത് സഹായകമാകും. പന്ത്രണ്ടായിരം വർഷം പഴക്കമുള്ളതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 25 ലക്ഷം മുതൽ 11700 വർഷം വരെയുള്ള കാലഘട്ടമാണ് പ്ലേയ്സ്റ്റോസിൻ.

ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ജീവികളുടെ ശാരീരികാകൃതി, അവയവങ്ങളുടെ ചലനം, കോശഘടന, ബാഹ്യപ്രേരകങ്ങളാൽ ശാരീരികാവസ്ഥയിലും ചലനങ്ങളിലുമുണ്ടായ മാറ്റങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദവും ആധികാരികവുമായ പഠനങ്ങൾ ഈ പുതിയ കണ്ടെത്തലിലൂടെ സാധ്യമാവുമെന്ന് കോർണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ തോമസ് അർബൻ പറയുന്നു. ഈ കാൽപ്പാടുകളുടെ പഠനം ആ യുഗത്തിലെ മനുഷ്യരുൾപ്പെടെയുള്ള ജീവികളുടെ വലിപ്പത്തെ കുറിച്ചും, ഭാരത്തെ കുറിച്ചും കൃത്യമായ സൂചന നൽകിയേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Image courtesy: Cornell University

LEAVE A REPLY

Please enter your comment!
Please enter your name here